ശ്രീനഗർ: ഇന്ത്യൻ ചെക്ക്പോസ്റ്റുകൾക്ക് നേരെ വീണ്ടും വെടിയുതിർത്ത് പാക് സൈന്യം. നിയന്ത്രണരേഖയ്‌ക്ക് സമീപത്ത് എട്ടിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മേന്ദർ, നഷേര, സുന്ദർബനി, അഖ്നൂർ എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്.
പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള വെടിവയ്പ്പിനെതിരെ ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ചെറിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു പാകിസ്താന്റെ പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക് സൈന്യത്തിന്റെ നീക്കത്തിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്താന്റെ വെടിവയ്പ് തുടങ്ങിയത്.
അതേസമയം, പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്കായി ശ്രീനഗറിൽ അന്വേഷണം നടക്കുകയാണ്. അനന്ത്നാഗിൽ കർശന തെരച്ചിൽ നടക്കുന്നുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ ഉൾവനത്തിൽ നിന്നും പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ഭീകരർ തമ്പടിച്ചിരുന്ന സ്ഥലമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൂടാതെ ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും വിവരമുണ്ട്. രാത്രികാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് സൈന്യം കർശന മുന്നറിയിപ്പ് നൽകി.