മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു. 58 വയസായിരുന്നു. അർബുദം ബാധിച്ച് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് രോഗം ബാധിച്ച് കിടപ്പിലായിരുന്നു. 14-ാമത്തെ വയസിലാണ് റാബിയയ്‌ക്ക് പോളിയോ ബാധിച്ചത്. അന്ന് മുതൽ ജീവിതത്തിന്റെ കഠിന പോരാട്ടങ്ങൾ റാബിയ തുടങ്ങിയിരുന്നു. ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.
പോളിയോയും അർബുദവും ജീവിതത്തിൽ വില്ലനായി എത്തിയപ്പോൾ ദൃഢനിശ്ചയവും മനകരുത്തും കൊണ്ട് അക്ഷരത്തിന്റെ മാന്ത്രികലോകത്തേക്ക് ചേക്കേറിയ വ്യക്തിയായിരുന്നു റാബിയ. ഓരോരുത്തർക്കും പ്രചോദനമായ തന്റെ ജീവിതം ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന കൃതിയിലൂടെ റാബിയ വിവരിച്ചു.
നിരക്ഷരരായ ആളുകളെ വീൽചെയറിലിരുന്ന് പഠിപ്പിച്ചു. നിസ്വാർത്ഥ പ്രവർത്തനത്തിന് യുഎൻ പുരസ്കാരം ഉൾപ്പെടെ റാബിയയെ തേടിയെത്തി. 1990 കളിലാണ് റാബിയ സാക്ഷരതാ പ്രവർത്തന രംഗത്തേക്ക് വന്നത്. 1994-ൽ ഒരു ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപംകൊടുത്തു. വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കിയുള്ള സംഘടനയ്‌ക്ക് ചലനം ചാരിറ്റബിൾ സൊസൈറ്റി എന്ന് പേരും നൽകി. സംസ്ഥാന സർക്കാരിൽ നിന്ന് നിരവധി പുരസ്കാരങ്ങളും റാബിയയ്‌ക്ക് ലഭിച്ചിട്ടുണ്ട്.















