ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി റഷ്യയിലെ പാകിസ്താൻ അംബാസഡർ. പാകിസ്താനെ ആക്രമിച്ചാലോ സിന്ധു നദീജലം വഴിതിരിച്ചുവിടുകയോ ചെയ്താൽ രാജ്യത്തെ ആണവായുധങ്ങൾ ഉൾപ്പെടെ മുഴുവൻ സൈനിക ഉപകരണങ്ങളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുമെന്ന് പാകിസ്താൻ നയതന്ത്രജ്ഞനായ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. റഷ്യൻ ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് ഭീഷണി പ്രസ്താവന.
പാകിസ്താനിൽ ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. അങ്ങനെയൊരു ആക്രമണമുണ്ടായാൽ പാകിസ്താന്റെ ആണവായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കും. നദീതീരത്തെ വെള്ളം കയ്യടക്കുകയോ തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് യുദ്ധനടപടിയാണ്. പാകിസ്താന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും ഖാലിദ് ജമാലി പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചുവടുപിടിച്ച് സിന്ധു നദീജലകരാർ നിർത്തിവച്ച ഇന്ത്യയുടെ തീരുമാനത്തെ യുദ്ധനടപടി എന്നാണ് പാക് നയതന്ത്രജ്ഞനും വിശേഷിപ്പിച്ചത്. ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിച്ച പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനയിലും ഭീതി പ്രകടമായിരുന്നു. നദീജലപാത അടച്ചാൽ ശക്തമായി ആക്രമിക്കുമെന്നും പീരങ്കികളോ വെടിയുണ്ടകളോ മാത്രമല്ല പ്രയോഗിക്കുന്നതെന്നുമായിരുന്നു ഖ്വാജയുടെ വാക്കുകൾ.















