വിവാഹതട്ടിപ്പൊരു പഠനവിഷമായിരുന്നെങ്കിൽ അതിലെ പിഎച്ച്ഡിക്കാരിയാകുമായിരുന്നു ഈ 21-കാരി. ഈ ചുരുങ്ങി പ്രായത്തിനിടെ 12 പേരെയാണ് വിവാഹം കഴിച്ച് ഇവർ വഞ്ചിച്ചത്. ഗുജറാത്തിൽ കാജലും ഹരിയാനയിൽ സീമയും ബിഹാറിൽ സ്നേഹയുമാണ് ലക്നൗ സ്വദേശിനിയായ ഗുൽഷാന റിയാസ് ഖാൻ എന്ന ഡാകു ദുൽഹൻ(തട്ടിപ്പ് വധു). ഇവരുടെ ഓരോ വിവാഹവും വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഇവരുടെ ഗ്യാങിലെ എട്ടുപേരെയുൾപ്പടെയാണ് പൊലീസ് വലയിലാക്കിയത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കം വരന്റെ വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുന്നതാണ് ഇവരുടെ രീതി.
വിവിധ സംസ്ഥാനങ്ങളിൽ ഈ സംഘം തട്ടിപ്പ് വിവാഹത്തിനായി ഒരു റാക്കറ്റിന് തന്നെ രൂപം നൽകിയിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റുകളിൽ വധുക്കളെ ലഭിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബത്തെയാണ് ഇവർ ഉന്നം വച്ച് വലയിലാക്കുന്നത്. വിവിധ പേരുകളിൽ ഇവരുടെ ചിത്രം നൽകി അക്കൗണ്ടുകൾ തുറക്കും താത്പ്പര്യം അറിയിക്കുന്ന മാതാപിതാക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ച്, അവരിൽ നിന്ന് നല്ലൊരു തുക ആദ്യമേ കൈക്കലാക്കും. പിന്നീട് ആഢംബര വിവാഹം, ശേഷം മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ ഒരു മോട്ടോർ സൈക്കിൾ സംഘം വധുവിനെ കടത്തിക്കൊണ്ടുപോകും. പിന്നെ ഇവരുടെ പൊടിപോലുമുണ്ടാകില്ല. ഗുൽഷാന നിയപരമായി വിവാഹം കഴിച്ചയാളാണ് റിയാസ് ഖാൻ. ഇയാൾ ജൗൻപൂരിലെ തയ്യൽക്കാരനാണ്. തട്ടിപ്പിന്റെ അഞ്ചുശതമാനം ഇയാൾക്കും ലഭിക്കും.
ഹരിയാന സ്വദേശിയായ വരന്റെ സംശയമാണ് ഗുൽഷാനെയും സംഘത്തെയും കുടുക്കിയത്. സോനുവിന്റെ വിവാഹത്തിന് പിന്നാലെ ഇവർ 80,000 രൂപയുമായി കടന്നിരുന്നു.സോനു ഉടനെ പൊലീസിനെ ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. 72,000 രൂപയും 11 മൊബൈൽ ഫോണുകളും താലിമാലയും വ്യാജ ആധാർ കാർഡുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഗുൽഷാനയാണ് സംഘത്തെ നയിച്ചിരുന്നതെന്ന് എസ്.പി കുമാർ പറഞ്ഞു.