തിരുവനന്തപുരം: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.
കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല. കുട്ടിയുടെ അമ്മയോട് ക്വാറന്റീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. വീടിന് സമീപം തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നും പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഏപ്രിൽ എട്ടിനായിരുന്നു കുട്ടിയെ തെരുവുനായ കടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ഐഡിആർവി ഡോസും ആന്റീ റാബിസ് സിറവും നൽകിയിരുന്നു. മൂന്ന് തവണ ഐഡിആർവിയും നൽകി. ഇതിനിടെ കുട്ടിക്ക് പനി ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏപ്രിൽ മാസം മാത്രം ആറ് പേർക്കാണ് പേവിഷബാധയേറ്റത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശിയായ കുട്ടി പേവിഷബാധയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ മാസത്തിനിടെ മൂന്ന് കുട്ടികളാണ് പേവിഷബാധയേറ്റ് മരണപ്പെട്ടത്.