ശ്രീനഗർ: ഭീകരരെ സഹായിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ നദിയിൽവീണ് മുങ്ങിമരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് കുത്തൊഴുക്കുള്ള നദിയിലേക്ക് ഇയാൾ ചാടിയത്. കുൽഗാം സ്വദേശിയായ 23-കാരൻ ഇമിതിയാസ് അഹമ്മദാണ് മരിച്ചത്. യുവാവ് ഒഴുക്കിൽപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന ഭീകരരെ സഹായിച്ചതിന് കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭീകരർക്ക് ഭക്ഷണവും താമസവും ഒരുക്കികൊടുത്തതായി ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.
കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരുന്ന ഭീകരർക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തിച്ചുകൊടുത്തുവെന്ന് ഇയാൾ സുരക്ഷാസേനയ്‌ക്ക് മൊഴിനൽകിയിരുന്നു. ഭീകരരുടെ ഒളിത്താവളത്തിലേക്ക് സുരക്ഷാസേനയെ എത്തിക്കാമെന്ന് യുവാവ് സമ്മതിച്ചതായും വിവരമുണ്ട്.
പാറക്കെട്ടുകളുള്ള നദിയിലേക്കാണ് ചാടിയത്. നീന്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നൽകി.