ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്താന്റെ ഉന്നത സൈനികരിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നതായി വിവരം. പാകിസ്താന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ നിന്നാണ് ഭീകരർക്ക് പരിശീലനം ലഭിച്ചത്. ജയിലിൽ കഴിയുന്ന ഭീകരരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ മൂഖ്യസൂത്രധാരനും ലഷ്കർ ഇ തൊയ്ബ ഭീകരനുമായ ഹാഷിം മൂസ പാകിസ്താന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ പാരാ കമാൻഡോയായി സേവനമനുഷ്ഠിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ലഷ്കർ ഭീകരസംഘടനയിൽ ചേർന്നത്. പിന്നീട് ലഷ്കർ ഭീകരർ നടത്തിയ പല ഭീകരാക്രമണങ്ങളിലും ഹാഷിം മൂസ ഉൾപ്പെട്ടിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് കടന്നതായും വിവരമുണ്ട്.
കശ്മീരിൽ ഉൾപ്പെടെ ആറ് ഭീകരാക്രമണങ്ങളിൽ ഹാഷിമിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 2024-ൽ ഒക്ടോബറിൽ ഗന്ദർബാൽ ജില്ലയിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ബാരാമുള്ളയിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണവും ഇതിൽ ഉൾപ്പെടും.
കശ്മീരിലെ ഏതോ വനമേഖലയിൽ ഹാഷിം മൂസ ഒളിച്ചിരിപ്പുണ്ടെന്നാണ് സുരക്ഷാസേനയുടെ നിഗമനം. ഭീകരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഹൽഗാമിൽ ആക്രമണം നടത്തിയവർ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനയിലുള്ളവരാണെന്നും കണ്ടെത്തി.