കൗമാര കാലത്ത് ബസിൽവച്ചുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ ടെലിവിഷൻ താരം ഗൗതമി കപൂർ. മുംബൈയിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ദുരനുഭവമുണ്ടായതെന്നും ആ സമയത്ത് അമ്മയുടെ പിന്തുണ വളരെ വലുതായിരുന്നുവെന്നും ഗൗതമി പറഞ്ഞു. ഹൗട്ടർഫ്ലൈയുമായി സംസാരിക്കുമ്പോഴാണ് അവർ വെളിപ്പെടുത്തൽ നടത്തിയത്.
“വയസ് അഞ്ചുമുതൽ ഞാൻ ബസിലാണ് സഞ്ചരിച്ചിരുന്നത്. കുടുംബത്തിന് സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആ ദുരനുഭവമുണ്ടായത്. ഒരാൾ എന്റെ പിന്നിലൂടെ പാൻ്റ്സിനുള്ളിൽ കൈയിട്ടു. ഞാൻ വളരെ ചെറുപ്പമായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാൻ കുറച്ച് സമയപ്പെടുത്തു. ഭയന്നുപ്പെട്ടുപോയതോടെ ഉടനെ ബസിൽ നിന്ന് ഇറങ്ങിയോടി. എനിക്ക് ആ സാഹചര്യം എന്താണെന്ന് മനസിലാകാൻ 20 മിനിട്ടിലേറെയെടുത്തു. അയാൾ വീണ്ടും പിന്തുടരുന്നുണ്ടോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടുപോയി”.
“അമ്മയോട് ഇക്കാര്യം പറയണമോ എന്ന് ഞാൻ ചിന്തിച്ചു. ചിലപ്പോൾ അമ്മ അത് എന്റെ തെറ്റാണോ എന്ന് പറഞ്ഞാലോ എന്ന് വിചാരിച്ചു. പിന്നീട് ഞാൻ അമ്മയോട് ഇത് പറഞ്ഞു. നീ അവനെ തല്ലണമെന്നായിരുന്നു അമ്മയുടെ മറുപടി. അവനെ കോളറിൽ തൂക്കിയെടുത്ത് ചോദിക്കണമായിരുന്നു. ഒരിക്കലും ഭയപ്പെടരുത്, ഇനി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ അവനെ പിടികൂടി ഉറക്കെ ബഹളം വയ്‌ക്കണം. ഒരിക്കലും ഭയപ്പെടരുത്, കുരുമുളക് സ്പ്രേ കൈയിൽ കരുതണം.അത് അക്രമികളുടെ മുഖത്തടിക്കണം, ഇല്ലെങ്കിൽ ചെരുപ്പൂരി അവരെ ശിക്ഷണം”– എന്നായിരുന്നു അമ്മ പറഞ്ഞത്.