2025 ഐപിഎൽ സീസൺ ഇന്ത്യൻ ക്രിക്കറ്റ് തരാം ഋഷഭ് പന്തിന് അത് മികച്ചതായിരുന്നില്ല. ഈ സീസണിൽ ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. 27 കോടിക്കാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് പന്തിനെ ടീമിലെത്തിച്ച് നായകനാക്കിയത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ താരം ഒരു പരാജയമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 12.80 ശരാശരിയിൽ 128 റൺസ് നേടി. പന്തിന്റെ ഐപിഎൽ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം പുറത്തെടുക്കുന്നത് ഈ സീസണിലാണ്.
എന്നാലിൽപ്പോൾ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് പന്തിനെക്കുറിച്ച് ചില രസകരമായ നിരീക്ഷണങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ക്യാപ്റ്റനായതിനുശേഷം പന്തിന്റെ യഥാർത്ഥ വ്യക്തിത്വം കാണാൻ തനിക്ക് സാധിക്കുന്നില്ലെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു.
“അല്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ, അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ടെന്ന് എപ്പോഴും തോന്നുമായിരുന്നു. ഇത്തവണ നമ്മൾ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹം പുഞ്ചിരിക്കുന്നതും, ചിരിക്കുന്നതും, സന്തോഷിക്കുന്നതും, ശാന്തനായിരിക്കുന്നതും കണ്ടിട്ടില്ല. ഒരുപക്ഷേ അത് ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തമായിരിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ തലയ്‌ക്കുമുകളിൽ വിലകൂടിയ താരമായി എത്തിയതിന്റെ ഭാരമുണ്ടാകാം,” ഗിൽക്രിസ്റ്റ് പറഞ്ഞു.
പന്തിന്റെ ഊർജ്ജസ്വലമായ ശരീരഭാഷ നഷ്ടമായിരിക്കുന്നുവെന്നും ബാറ്റിംഗ് അശ്രദ്ധമായിരുന്നുവെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. മാത്രമല്ല ഫോം വീണ്ടെടുത്ത് മടങ്ങി വരണമെങ്കിൽ പന്ത് തന്റെ റോൾ മോഡലായ എം.എസ് ധോണിയുടെ ഉപദേശം തേടണമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.















