രണ്ടുമാസം നീണ്ടുനിൽക്കുന്ന ഐപിഎൽ അവസാനിക്കുമ്പോൾ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കും. 2025-27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കമായതിനാൽ ഇന്ത്യയ്‌ക്ക് ഈ പരമ്പര നിർണായകമാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ -ഗാവസ്‌കർ പരമ്പര 1-3 ന് പരാജയപ്പെട്ടതോടെ രോഹിത് ശർമയ്‌ക്കും സംഘത്തിനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം സെലക്ഷൻ കമ്മിറ്റി കളിക്കാരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നമ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ജസ്പ്രീത് ബുമ്രയെ വൈസ് ക്യാപ്റ്റനായി നിയമിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ബുമ്രയായിരുന്നു. രോഹിതിന്റെ അഭാവത്തിൽ ആദ്യത്തെയും അവസാനത്തെയും മത്സരങ്ങളിൽ ക്യാപ്റ്റനുമായി.
എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പുറംവേദനയെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് തിരികെയെത്തുന്നത് ഐപിഎല്ലിലാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളിലും ബുമ്ര കളിച്ചേക്കില്ലെന്നും എല്ലാ മത്സരങ്ങളിലും കളിക്കുന്ന ഒരു കളിക്കാരന് വൈസ് ക്യാപ്റ്റന്റെ ചുമതലകൾ നൽകാനാണ് മാനേജ്മെന്റ് താല്പര്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈസ് ക്യാപ്റ്റനായി ഒരു യുവതാരത്തെ നിയമിക്കാനും മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് സൂചനയുണ്ട്.