ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ ശ്രമിച്ച പാക് പൗരനെ പിടികൂടി സൈന്യം. പാക് അധിനിവേശ കശ്മീരിലെ (PoK) തർഖൽ ഗ്രാമത്തിൽ താമസിക്കുന്ന വഖാസിനെ (26)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ട സൈന്യം ഉടൻതന്നെ ഈ ശ്രമം തടയുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ ഗ്രാമത്തിൽ നിന്ന് മറുവശത്തേക്ക് പോകവെ അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നതാണെന്നാണ് വഖാസ് മൊഴി നൽകിയത്. ഇയാളിൽ നിന്ന് സംശയാസ്പദമായ തരത്തിലുള്ള വസ്തുക്കളോ ആയുധമോ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തുനിന്നും പിടിയിലാകുന്ന മൂന്നാമത്തെ പാക് പൗരനാണ് വഖാസ്.
മെയ് അഞ്ചിന് ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ ഒരു പാകിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും പാക് കറൻസികളും തിരിച്ചറിയൽ കാർഡും കണ്ടെടുത്തിട്ടുണ്ട്. മെയ് മൂന്നിന് നടന്ന സമാനമായ സംഭവത്തിൽ രാജസ്ഥാനിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് ഒരു പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് പിടികൂടിയിരുന്നു.















