ന്യൂഡെല്‍ഹി: പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധങ്ങള്‍ വീണ്ടും ചരിത്രത്തിലെ മോശം സ്ഥിതികളിലൊന്നിലാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് കനത്ത ഒരു തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരു സംഘര്‍ഷത്തെ നേരിടാനുള്ള തയാറെടുപ്പുകളിലാണ് ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍.
2016 ലെ ഉറി ഭീകരാക്രമണത്തിന് പിഒകെയില്‍ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും 2019 ല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ബാലാകോട്ട് വ്യോമാക്രമണത്തിലൂടെയുമാണ് ഇന്ത്യ മറുപടി നല്‍കിയത്. 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഉചിതമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്
എന്നാല്‍ ഇതിനെല്ലാമപ്പുറം ഇതുവരെ പ്രയോഗിക്കാത്ത മറ്റു ചില ആയുധങ്ങള്‍ ഇന്ത്യ വളരെ ഫലപ്രദമായി പ്രയോഗിക്കാനാരംഭിച്ചിരിക്കുന്നു. ഏറെ ദുര്‍ബലമായ പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഞെരുക്കുകയാണ് ഇന്ത്യ. സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കല്‍, ഉഭയകക്ഷി വ്യാപാരം, ഷിപ്പിംഗ്, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് നിരോധനം, പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടുക എന്നിവയെല്ലാം പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ്.
ഐഎംഎഫില്‍ വട്ടം നില്‍ക്കും
എല്ലാറ്റിനുമുപരി, ഐഎംഎഫ് പോലെ അന്താരാഷ്‌ട്ര ഏജന്‍സികളില്‍ നിന്ന് പാകിസ്ഥാന് വായ്പ ലഭിക്കില്ലെന്ന് ഇന്ത്യ ഉറപ്പാക്കും. ഇന്ത്യയുമായി സൗഹൃദമുള്ള യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് പാകിസ്ഥാന് പ്രധാനമായും വായ്പ കൊടുക്കുന്നത്. അവരെയും പിന്തിരിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കും.
മെയ് 9 ന് നടക്കാനിരിക്കുന്ന ഐഎംഎഫ് ബോര്‍ഡ് യോഗത്തില്‍ പാകിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നതിനെ ഇന്ത്യ എതിര്‍ത്തേക്കും. പാകിസ്ഥാന്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നെന്ന് ഇന്ത്യ യോഗത്തില്‍ ചൂണ്ടിക്കാട്ടും. പാകിസ്ഥാന്റെ അസ്ഥിരമായ സമ്പദ്വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിനായി ഐഎംഎഫ് നല്‍കിയ 7 ബില്യണ്‍ ഡോളറിന്റെ ബെയ്ല്‍ഔട്ട് പാക്കേജില്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ഇന്ത്യ നേരത്തെ വിട്ടുനിന്നിരുന്നു. എന്നാല്‍ ഇത്തവണ ഫണ്ടുകളുടെ ദുരുപയോഗവും സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി പാകിസ്ഥാന് ഐഎംഎഫ് സഹായം നല്‍കുന്നതിനെതിരെ ന്യൂഡല്‍ഹി വോട്ട് ചെയ്‌തേക്കാം.
പാകിസ്ഥാന് നിലവില്‍ നല്‍കിയിരിക്കുന്ന 7 ബില്യണ്‍ ഡോളര്‍ ബെയ്ല്‍ഔട്ട് പാക്കേജിന്റെ അവലോകനത്തോടൊപ്പം പുതിയ വായ്പ നല്‍കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനാണ് മെയ് 9 ന് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേരുന്നത്. ഈ യോഗത്തിന് തൊട്ടുമുമ്പ്, ഇന്ത്യ ഐഎംഎഫിലെ പ്രതിനിധിയായ കെ സുബ്രഹ്‌മണ്യനെ നീക്കി പകരം ലോകബാങ്കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പരമേശ്വരന്‍ അയ്യരെ താല്‍ക്കാലികമായി ഐഎംഎഫ് ബോര്‍ഡിലേക്ക് എത്തിച്ചിരിക്കുന്നു. ഐഎംഎഫിലെ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുക എന്നതാണ് അയ്യരുടെ നിയമനത്തിന്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.
പാകിസ്ഥാനെ രക്ഷപെടുത്തിയ ഐഎംഎഫ്
ഐഎംഎഫ് വായ്പ ലഭിച്ചതോടെ, 2023 ല്‍ മുങ്ങാനാരംഭിച്ചിരുന്ന പാക് സമ്പദ് വ്യവസ്ഥ രക്ഷപെടലിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. പണപ്പെരുപ്പം നിരവധി മാസങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2023 മെയ് മാസത്തില്‍ ഏകദേശം 40% ആയി ഉയര്‍ന്ന പണപ്പെരുപ്പം ഫെബ്രുവരിയില്‍ 1.5 ശതമാനത്തിലേക്ക് താഴ്ന്നു. ഗോതമ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, ചില പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും വൈദ്യുതി, ഇന്ധന നിരക്കുകള്‍ കുറച്ചതുമാണ് പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം.
തിങ്കളാഴ്ച പാകിസ്ഥാന്റെ കേന്ദ്ര ബാങ്ക്, പലിശ നിരക്ക് 1 ശതമാനം കുറച്ച് 11 ശതമാനമാക്കി. 2024 ജൂണ്‍ മുതല്‍ പാകിസ്ഥാന്‍ കേന്ദ്ര ബാങ്ക് വായ്പാ നിരക്ക് തുടര്‍ച്ചയായി കുറച്ചുവരികയാണ്. 22 ശതമാനത്തില്‍ നിന്ന് ഇതുവരെ 1,000 ബേസിസ് പോയിന്റുകള്‍ കുറച്ചിട്ടുണ്ട്.
‘കഴിഞ്ഞ 18 മാസത്തിനിടെ, വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യങ്ങള്‍ക്കിടയിലും പാകിസ്ഥാന്‍ മാക്രോ ഇക്കണോമിക് സ്ഥിരത പുനഃസ്ഥാപിക്കുന്നതിലും ആത്മവിശ്വാസം പുനര്‍നിര്‍മ്മിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചു,’ എന്നാണ് മാര്‍ച്ചില്‍ ഐഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞത്. പണപ്പെരുപ്പം 2015 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
സംഘര്‍ഷം തിരിച്ചടിയാകും
ഇപ്പോള്‍ ഇന്ത്യയുമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷമുണ്ടായാല്‍ അതിന്റെ ചെലവും മറ്റു തിരിച്ചടികളും സാമ്പത്തിക മേഖലയില്‍ പാകിസ്ഥാന്‍ സാവധാനം ഉണ്ടാക്കിക്കൊണ്ടു വരുന്ന പുരോഗതികളെയെല്ലം ഇല്ലാതാക്കിയേക്കാം. ഇത് പാകിസ്ഥാന്റെ വളര്‍ച്ചയെ ബാധിക്കുകയും സര്‍ക്കാരിന്റെ നിലവിലുള്ള സാമ്പത്തിക ഏകീകരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മാക്രോ ഇക്കണോമിക് സ്ഥിരത കൈവരിക്കുന്നതില്‍ പാകിസ്ഥാന്റെ പുരോഗതിയെ ഇത് പിന്നോട്ടടിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ് പറയുന്നു.
ഇന്ത്യ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചത് പാകിസ്ഥാന്റെ ജലലഭ്യതയില്‍ ഗുരുതരമായ കുറവിന് കാരണമാകും. ഇത് കാര്‍ഷിക ഉല്‍പാദനത്തെ ബാധിക്കുകയും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തുടര്‍ച്ചയായി പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്റെ വിദേശ ധനസഹായം തടസ്സപ്പെടുത്തുകയും വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ശേഖരം കഷ്ടിച്ച് 15 ബില്യണ്‍ ഡോളര്‍ മാത്രമാണ്. അതേസമയം ഇന്ത്യയുടെ കരുതല്‍ ശേഖരം 688 ബില്യണ്‍ ഡോളറാണ്. സംഘര്‍ഷമുണ്ടായാല്‍ പാകിസ്ഥാന്റെ വിദേശ കടം തിരിച്ചടവുകള്‍ മുടങ്ങുകയും വിദേശവ്യാപാരത്തെ ബാധിക്കുകയും ചെയ്യുമെന്ന് വ്യക്തം.