ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നായകൻ രോഹിത് ശർമ. അപ്രതീക്ഷിതമായാണ് ഹിറ്റ്മാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിലെ നായക പദവിയിൽ നിന്ന് താരത്തെ ഒഴിവാക്കാനിരിക്കെയാണ് പ്രഖ്യാപനം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വെള്ളക്കുപ്പായത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായത് ബഹുമതിയാണെന്നും ഈ കാലയളവിൽ നൽകിയ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്നും പറഞ്ഞ രോഹിത് ഏകദിനത്തിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
37-കാരൻ 67 മത്സരങ്ങളിൽ നിന്ന് 4301 റൺസാണ് ഇതുവരെ നേടിയത്. 2013 ൽ വിൻഡീസിനെതിരെ ഈഡൻ ഗാർഡൻസിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ താരം മധ്യനിര ബാറ്ററായാണ് അരങ്ങേറ്റം നടത്തിയത്. എന്നാൽ പിന്നീട് സ്ഥിരത പുലർത്താനായില്ല. 2019-ൽ ഓപ്പണറായത് വഴിത്തിരിവായി. 2021ൽ 11 മത്സരങ്ങളിൽ നിന്ന് 906 റൺസാണ് നേടിയത്. 47.68 ആയിരുന്നു ശരാശരി. രണ്ടു സെഞ്ച്വറിയും നാല് അർദ്ധശതകവും സ്വന്തമാക്കി