ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ നിലവിലുള്ള സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വെടിനിർത്തൽ കരാർ ലംഘനവും ഷെല്ലാക്രമണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിവരിച്ചു.
ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മാേഹനും പ്രധാനമന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതികൾ അറിയിച്ചു. അതേസമയം, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അവധിയിലുള്ള ഉദ്യോഗസ്ഥരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു. ഏത് ആക്രമണങ്ങൾക്കും സജ്ജരാകാനാണ് നിർദേശം.
പാക് രഹസ്യാന്വേഷണ ഏജൻസി ഇന്ത്യൻ സൈനിക ട്രെയിനുകളുടെ നീക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്. അതിനാൽ ഇത് കണക്കിലെടുത്ത് റെയിൽവേ മന്ത്രാലയം ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.















