ശ്രീനഗർ: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുന്നതിനിടെ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം. കശ്മീരിലെ സാംബയിലാണ് സംഭവം. നുഴഞ്ഞുകയറ്റം തടഞ്ഞതായി സുരക്ഷാസേന അറിയിച്ചു. പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം നടക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ പ്രകോപനം.
ഇന്നലെ രാത്രിയുണ്ടായ പാകിസ്താന്റെ ആക്രമണത്തെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. ജമ്മു, ആർഎസ് പുര, സാംബ, ഹിരാനഗർ, അർനിയ എന്നിവിടങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പുലർച്ചെയോടെ ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. പാകിസ്താന്റെ ഡ്രോണുകളും യുദ്ധവിമാനങ്ങളും വെടിവച്ചിട്ടു.
രാജസ്ഥാൻ, പഞ്ചാബ്, കശ്മീർ തുടങ്ങിയയിടങ്ങളിൽ പാകിസ്താൻ മിസൈൽ ആക്രമണം നടത്താൻ ശ്രമിച്ചതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിച്ചതായും ഇന്ത്യൻ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം കശ്മീരിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ചണ്ഡിഗഢ്, ഫിറോസ്പൂർ, മൊഹാലി, ഗുരുദാസ്പൂർ എന്നിവിടങ്ങളിലും പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലും ബ്ലാക്ക്ഔട്ടാണ്. ഗുജറാത്തിലും ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.















