ന്യൂഡൽഹി: ഇന്ത്യയുടെ എതിർപ്പ് ഫലം കാണുന്നു. പാകിസ്താന് നൽകുന്ന 1.3 ബില്യൺ ഡോളറിന്റെ സഹായം ഐഎംഎഫ് പുനഃപരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന നിർണ്ണായക യോഗത്തിൽ ഇന്ത്യ ശക്തമായ എതിർപ്പ് അറിയിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പരമേശ്വർ അയ്യരാണ് യോഗത്തിൽ പങ്കെടുക്കുക.
സഹായം എന്ന പേരിൽ വാരിക്കോരി പാകിസ്താന് പണം കൊടുക്കുമ്പോൾ അത് എന്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് ആഴത്തിൽ പരിശോധിക്കണമെന്ന് ഇന്ത്യ അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു.
37 മാസം കൊണ്ട് 1.3 ബില്യൺ ഡോളറിന്റെ സഹായം പാകിസ്താന് ഐഎംഎഫ് നൽകി കൊണ്ടിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിൽ കൈമാറുന്ന പണം എന്തിന് ചെലഴവിക്കും എന്ന് വിശദീകരിക്കണമെന്നാണ് ചട്ടം. എന്നാൽ പാകിസ്താൻ പലപ്പോഴും ഐഎംഎഫിന്റെ കണ്ണിൽപൊടിയിട്ട് രക്ഷപ്പെടുകയാണ് പതിവ്.
സാധാരണക്കാരന്റെ പട്ടിണി മാറ്റാനായി നൽകുന്ന പണം ഭീകരത കയറ്റുമതി ചെയ്യാനാണ് പാകിസ്താൻ ഉപയോഗിക്കുന്നതെന്ന് ഇന്ത്യ തെളിവ് സഹിതം യോഗത്തിൽ ചൂണ്ടിക്കാട്ടും. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്‌ട്ര പിന്തുണ ഇന്ത്യ നേടിയെടുത്തിരുന്നു. ഇതി തുടർച്ച ഐഎംഎഫിലും ആവർത്തിക്കും. 1950 ന് ശേഷം 25 തവണ ഐഎംഎഫ് സഹായം പാകിസ്താന് ലഭിച്ചിരുന്നു. ഈ പണം കൊണ്ടാണ് പാകിസ്താന്റെ നിലനിൽപ്പ് തന്നെ.















