18-ാം സീസണിലെ ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചത് ഒരാഴ്ചത്തേക്കെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ പുറത്തിറക്കിയ ഔദ്യോഗിക വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇതിന് ശേഷം സാഹചര്യങ്ങളും സ്ഥിതിഗതികളും വിശദമായി വിലയിരുത്തി പുതിയ വേദിയും മത്സരക്രമവും ബന്ധപ്പെട്ടവരോട് സംസാരിച്ച ശേഷം യഥാസമയം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ഓഹരി ഉടമകളും ഫ്രാഞ്ചൈസി പ്രതിനിധികളുമായി നടത്തിയ ചർച്ചകളിൽ താരങ്ങളുടെ ആശങ്കയും ഉത്കണ്ഠയും ബിസിസിഐയെ അറിയിച്ചിരുന്നു. ഇതിനൊപ്പം സ്പോൺസർമാരുടെയും ആരാധകരുടെയും കാഴ്ചപാടുകളും വ്യക്തമാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. തുടർന്ന് അതിർത്തിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തീരുമാനം കൈകൊണ്ടത്.
ധരംശാലയിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ്- ഡൽഹി മത്സരം റദ്ദാക്കിയിരുന്നു. ഈ നിർണായകഘട്ടത്തിൽ രാജ്യത്തിനൊപ്പം ഉറച്ചു നിൽക്കുകയാണെന്ന് ബിസിസിഐ വ്യക്തമാക്കി. സർക്കാരിനോടും സായുധ സേനയോടും രാജ്യത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടപ്പിക്കുന്നതുമായി അവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സൈന്യത്തിന്റെ ധൈര്യത്തെയും ധീരതയെയും നിസ്വാർത്ഥ സേവനത്തെയും ബോർഡ് സല്യൂട്ട് ചെയ്യുന്നുവെന്നും ബിസിസിഐ വ്യക്തമാക്കി. ക്രിക്കറ്റ് ഈ രാജ്യത്തിന് അഭിനിവേശമായി തുടരുമ്പോഴും രാജ്യത്തിന്റെ പരാമാധികരത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും മുകളിലായി മറ്റൊന്നുമില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഇനി 12 ലീഗ് മത്സരങ്ങളും ഫൈനലടക്കം നാല് പ്ലേ ഓഫ് മത്സരങ്ങളുമാണ് ഇനി അവശേഷിക്കുന്നത്.
TATA IPL 2025 suspended for one week.
More details here 👇👇 | #TATAIPL
— IndianPremierLeague (@IPL) May 9, 2025