ശ്രീനഗർ: ഇന്ത്യ-പാക് സംഘർഷം അതിരൂക്ഷമായ സഹായിച്ചര്യത്തിലെത്തി നിൽക്കെ പാകിസ്താന് 1 ബില്യൺ യുഎസ് ഡോളർ വായ്പ അനുവദിച്ച അന്താരാഷ്‌ട്ര നാണയ നിധിയുടെ (IMF) തീരുമാനത്തെ ചോദ്യം ചെയ്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കശ്മീരിനെ നശിപ്പിക്കാൻ പാകിസ്താൻ ഉപയോഗിക്കുന്ന ആയുധങ്ങൾക്കുള്ള പണമാണ് നൽകിയിരിക്കുന്നതെന്ന് ഒമർ അബ്ദുള്ള ആരോപിച്ചു.
ഇരു രാജ്യങ്ങളും സംഘർഷം ലഘൂകരിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെടുന്ന അതേ ആഗോള സമൂഹം തന്നെയാണ് പാകിസ്താന് ആക്രമണം മൂർച്ഛിപ്പിക്കാനുള്ള സഹായവും നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ധനസഹായം പാകിസ്താനിലെ ജനങ്ങൾക്ക് ലഭിക്കില്ലെന്നും പാക് പട്ടാളത്തിന്റെ ആയുധ ശേഖരം വർദ്ധിപ്പിക്കനുള്ള പണമായി മാറുമെന്നും ഒമർ അബ്ദുള്ള ആശങ്കപ്പെട്ടു.
“പൂഞ്ച്, രജൗരി, ഉറി, താങ്ധർ തുടങ്ങി നിരവധി കശ്മീരിലെ നിരവധി മേഖലകളെ നശിപ്പിക്കാൻ പാകിസ്താൻ ഉപയോഗിക്കുന്ന എല്ലാ ആയുധങ്ങൾക്കും ഐഎംഎഫ് ധനസഹായം നൽകുമ്പോൾ, ഉപഭൂഖണ്ഡത്തിലെ നിലവിലെ സംഘർഷം എങ്ങനെ ശമിക്കുമെന്നാണ് ‘അന്താരാഷ്‌ട്ര സമൂഹം’ കരുതുന്നത്?,” സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഒമർ അബ്ദുള്ള കുറിച്ചു.
ഐഎംഎഫ് അതിന്റെ ബോർഡ് മീറ്റിംഗിൽ പാകിസ്ഥാന് എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) വായ്പാ പദ്ധതിയുടെ ഭാഗമായി ഒരു ബില്യൺ ഡോളറും റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റി (ആർഎസ്‌എഫ്) പ്രകാരം 1.4 ബില്യൺ ഡോളറും അനുവദിച്ചു. പാകിസ്താന് നൽകുന്ന ഇത്തരം വായ്പകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉന്നയിച്ച ഇന്ത്യ അവരുടെ മോശം ട്രാക്ക് റെക്കോർഡും, അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്നതിന് അത്തരം ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കണക്കിലെടുത്ത് ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.















