ന്യൂഡൽഹി: പാകിസ്താന്റെ നുണപ്രചാരണങ്ങൾക്ക് തെളിവുകൾ സഹിതം മറുപടി നൽകി ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ വ്യോമതാവളങ്ങൾ സുരക്ഷിതമാണെന്നും ബ്രഹ്മോസ് സംവിധാനം തകർത്തുവെന്ന് പാക് അവകാശവാദം നുണയാണെന്നും കേണൽ സോഫിയ ഖുറേഷി അറിയിച്ചു. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും സേന പ്രദർശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ 26 കേന്ദ്രങ്ങൾ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ 300 മുതൽ 400 വരെ ഡ്രോണുകൾ വിക്ഷേപിച്ചു. ഇവയെല്ലാം തന്നെ തുർക്കി നിർമ്മിതമാണെന്നും ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
“നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കാനും രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ഇത്രയും വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ ഉദ്ദേശ്യം. അവശിഷ്ടങ്ങളെക്കുറിച്ച് ഫോറൻസിക് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡ്രോണുകൾ തുർക്കി നിർമ്മിത അസിസ്ഗാർഡ് സോംഗർ മോഡലുകളാണെന്നാണ്” കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പാകിസ്ഥാൻ ഡ്രോണുകളെ തടഞ്ഞു നശിപ്പിക്കാൻ ഇന്ത്യ കൈനറ്റിക്, നോൺ-കൈനറ്റിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചു. ബതിന്ദ ആർമി പോസ്റ്റ് ലക്ഷ്യമിടാനുള്ള പാകിസ്ഥാൻ ശ്രമവും ഇന്ത്യൻ സൈന്യം വിജയകരമായി പരാജയപ്പെടുത്തിയതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
യാത്രാവിമാനങ്ങളെ മറയാക്കിയും പാകിസ്താൻ ആക്രമണം നടത്തുന്നുണ്ടെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു.
“മെയ് 7 ന് രാത്രി 8:30 ന് ഒരു പ്രകോപനവുമില്ലാതെ ഇന്ത്യയിലേക്ക് ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിട്ടും, പാകിസ്താൻ അവരുടെ സിവിലിയൻ വ്യോമാതിർത്തി അടച്ചില്ല. ഇന്ത്യയ്‌ക്കെതിരായ ഏത് ആക്രമണവും വേഗത്തിലുള്ള വ്യോമ പ്രതിരോധ തിരിച്ചടിക്ക് കാരണമാകുമെന്ന് അറിയാവുന്നതിനാൽ, അവർ യാത്രാ വിമാനങ്ങളെ ഒരു കവചമായി ഉപയോഗിക്കുന്നു. അന്താരാഷ്‌ട്ര വ്യോമപാതയുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ വ്യോമസേന സംയമനം പാലിച്ചിട്ടുണ്ട്,” വ്യോമിക സിംഗ് പറഞ്ഞു.