ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും ബംഗ്ലാദേശും. രാജ്യങ്ങളുടെ വായുമലിനീകരണ തോത് കാണിക്കുന്ന 2024 -2025 ലെ IQAir റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്താണ് ബംഗ്ലാദേശും പാകിസ്താനുമുള്ളത്. ഇന്ത്യ നില മെച്ചപ്പെടുത്തി ഇത്തവണ മൂന്നിൽ നിന്നും അഞ്ചാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
2024-25 ലെ IQAir റിപ്പോർട്ട് അനുസരിച്ച് , പാകിസ്താന്റെ ശരാശരി PM2.5 ലെവൽ 73.7 µg/m³ എന്ന ഭയാനകമായ നിലയിൽ എത്തി. ഇത് കടുത്ത വായു മലിനീകരണത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം ശക്തമായ പാരിസ്ഥിതിക നയങ്ങളും സുസ്ഥിരമായ രീതികളും അവലംബിച്ചുപോരുന്ന ഐസ്‌ലാൻഡ്, ന്യൂസിലാൻഡ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ശുദ്ധവായു നിലനിർത്തുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വായു മലിനീകരണം പരിഹരിക്കുന്നതിന് തുടർച്ചയായ ശ്രമങ്ങളുടെ ആവശ്യകത IQAir റിപ്പോർട്ട് അടിവരയിടുന്നു. വായു മലിനീകരണം ലോകമെമ്പാടുമുള്ള ഒൻപത് മരണങ്ങളിൽ ഒന്നിന് കരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. മാത്രമല്ല ഹൃദ്രോഗം, ആസ്ത്മ, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. നഗരവൽക്കരണം, വ്യാവസായിക പ്രവർത്തനങ്ങൾ, കാലാവസ്ഥാ ഘടകങ്ങൾ എന്നിവയും വായു ഗുണനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.















