ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾ തുടർച്ചയായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിലവിലെ സാഹചര്യം അവലോകനം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാ സമിതി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നേരത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സുരക്ഷാ സ്ഥിതിഗതികൾ പ്രതിരോധമന്ത്രിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താൻ ഇന്ത്യയ്‌ക്കുള്ളിലെ 26 സ്ഥലങ്ങൾ ലക്ഷ്യമിട്ട് 300 മുതൽ 400 വരെ തുർക്കി നിർമ്മിത സായുധ ഡ്രോണുകൾ ഉപയോഗിച്ചതായും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ യാത്രാവിമാനങ്ങൾ മറയാക്കുന്നതായും സൈന്യം കണ്ടെത്തിയിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ നാല് വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി.
സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ പാക് പ്രകോപനങ്ങളും ഇന്ത്യയുടെ തിരിച്ചടികളും വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരുടെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ സ്വീകരിക്കുന്ന നടപടികൾ “തീവ്രവാദപരവും” “പ്രകോപനപരവുമായ” സ്വഭാവമുള്ളതാണെന്ന് വിക്രം മിശ്ര പറഞ്ഞു. പാകിസ്താന്റെ പ്രകോപനപരമായ നടപടികളുടെ തെളിവുകൾ നൽകിയതിനൊപ്പം പാക് സർക്കാർ പ്രചരിപ്പിക്കുന്ന നുണകൾ തെളിവ് സഹിതം തുറന്നുകാട്ടുകയും ചെയ്തു.















