കൊച്ചി: സൈക്കിൾ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി പൊലീസ്. 15 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. നെടുമ്പാശേരിയിലെ ആലുവ അത്താണി കവലയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. മുർഷിദാബാദിൽ നിന്ന് കഞ്ചാവ് ബസ് മാർഗം എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു. അംഗമാലിയിൽ നിന്ന് കാക്കനാട്ടേക്ക് ഓട്ടോയിൽ കടത്തുമ്പോഴാണ് രഹസ്യവിവരം ലഭിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൈക്കിൾ പമ്പുകൾ മുറിച്ചതിനുശേഷം ഇതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് .
മൂവാറ്റുപുഴ,പെരുമ്പാവൂർ അടക്കമുള്ള സ്ഥലങ്ങളിൽ പ്രാദേശിക വില്പന നടത്താനാണ് കഞ്ചാവെത്തിച്ചതെന്നാണ് വിവരം. പ്രതികൾ സ്ഥിരമായി മുർഷിദാബാദിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവെത്തിക്കുന്ന സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.















