ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ സിഇഒ അറസ്റ്റിൽ. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയുടെ സിഇഒ നമത്ര ചിഗുരുപതിയാണ് പിടിയിലായത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൽ നിന്നാണ് ഇവർ കൊക്കെയ്ൻ വാങ്ങിയത്. മയക്കുമരുന്ന് കടത്തുകാരനായ വാൻഷ് ധാക്കറിൽ നിന്ന് കൊറിയർ വഴി കൊക്കെയ്ൻ വാങ്ങുന്നതിനിടെയാണ് നമത്ര പൊലീസിന്റെ വലയിലായത്.
വാട്സ്ആപ്പ് വഴിയാണ് നമിത്ര ലഹരിമാഫിയ സംഘവുമായി ബന്ധപ്പെട്ടിരുന്നതും കൊക്കെയ്ൻ ബുക്ക് ചെയ്തിരുന്നതും. ഓൺലൈൻ ഇടപാടിലൂടെ അഞ്ച് ലക്ഷം രൂപയും നമിത്ര ലഹരിക്കടത്ത് സംഘത്തിന് കൈമാറിയതായി കണ്ടെത്തി. മയക്കുമരുന്ന് കടത്തിലെ പ്രധാനിയായ ധാക്കറിന്റെ സഹായി ബാലകൃഷ്ണനാണ് യുവതിക്ക് കൊക്കെയ്ൻ എത്തിച്ചുനൽകിയത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് പിന്തുടർന്ന് എത്തിയ പൊലീസ് യുവതിയെയും ഇടപാടുകാരനെയും കയ്യോടെ പിടികൂടുകയായിരുന്നു. 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.















