ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വനിതാ ടി20 ലോകകപ്പിനായുള്ള ഏഷ്യ ക്വാളിഫയേഴ്സ് 2025 മത്സരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വനിതാ ടീം ഖത്തറിനെ നേരിടുകയായിരുന്നു. ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ 192 റൺസിന്റെ മികച്ച സ്കോറിലെത്തി. ഓപ്പണർമാരായ ഇഷ രോഹിത് ഓസ (113), തീർത്ഥ സതീഷ് (74) എന്നിവരുടെ അപരാജിത കൂട്ടുകെട്ടാണ് അവരെ കൂറ്റൻ ടോട്ടലിലെത്തിച്ചത്.
എന്നാൽ അതിനുശേഷം നടന്നതെല്ലാം സിനിമയെവെല്ലുന്ന നാടകീയ സംഭവങ്ങളാണ്. യുഎഇ ടീം മുഴുവനും റിട്ടയർ ചെയ്ത് ഖത്തറിന് 193 റൺസിന്റെ ലക്ഷ്യം നൽകി. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിലെ എല്ലാ കളിക്കാരും റിട്ടയർ ചെയ്ത് പുറത്താകുന്നത്.
ബാങ്കോക്കിൽ നടന്ന മത്സരം മഴ ഭീഷണിയിലായിരുന്നു എന്നതാണ് യുഎഇയുടെ ഈ ‘റിട്ടയർ ഔട്ട്’ തന്ത്രത്തിന് പിന്നിലെ കാരണം. മഴ കളിയെ പ്രതികൂലമായി ബാധിച്ചിരുന്നെങ്കിൽ പോയിന്റുകൾ ഇരു ടീമുകളും പങ്കിടുമായിരുന്നു, അത് ഒഴിവാക്കാൻ യുഎഇ ഈ വിചിത്രമായ തന്ത്രം പ്രയോഗിച്ച് നേരത്തെ തന്നെ മത്സരം അവസാനിപ്പിച്ചു.
ഈ തന്ത്രം യുഎഇക്ക് അനുകൂലമായി തന്നെ പ്രവർത്തിച്ചു, കാരണം ബൗളിങ്ങിലും ഫീൽഡിങ്ങിലും മികച്ചുനിന്ന അവർ ഖത്തറിനെ വെറും 29 റൺസിന് ഓൾ ഔട്ടാക്കി. അങ്ങനെ മഴ തടസ്സപ്പെടുതുന്നതിന് മുമ്പ് തന്നെ യുഎഇ മത്സരം വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.















