ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായത്തോടെ അശാന്തമായ അതിർത്തി 19 ദിവസങ്ങൾക്ക് ശേഷം സമാധാന പൂർണമായ ഒരു ദിവസത്തിന് സാക്ഷ്യം വഹിച്ചുവെന്ന് സൈന്യം. പാകിസ്താൻ വെടിനിർത്തൽ ധാരണ ലംഘിച്ചിരുന്നവെങ്കിലും കഴിഞ്ഞ ദിവസവും ജമ്മു കശ്മീരും അന്താരാഷ്‌ട്ര അതിർത്തിയിലെ മറ്റ് പ്രദേശങ്ങളും ഏറെക്കുറെ ശാന്തമായിരുന്നുവെന്ന് സൈന്യം പറഞ്ഞു.മെയ് 11-ന് രാത്രി ഷെല്ലാക്രമണമോ വെടിവയ്പ്പോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ശക്തമായ തിരിച്ചടി നല്കിയതിനുപിന്നാലെ പാകിസ്താൻ അതിർത്തിയിലും കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലും ഡ്രോണുകളും മിസൈലുകളും ഷെല്ലുകളും വർഷിച്ച് ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം ഈ അക്രമണങ്ങൾക്കെല്ലാം തടയിടുകയും കൃത്യമായി തിരിച്ചടിക്കുകയും ചെയ്തു.
ഏപ്രിൽ 23 മുതൽ മെയ് 6 വരെ, നിയന്ത്രണ രേഖയിലെ ഒന്നിലധികം മേഖലകളിൽ പാകിസ്താൻ വെടിവെയ്പ്പ് തുടർന്നിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെ ഒൻപത് ഭീകര താവളങ്ങൾ തകർത്തതോടെ ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം രൂക്ഷമാക്കി. പാകിസ്താൻ സൈനിക മേധാവി ഇന്ത്യയെ സമീപിച്ച് വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇത് ലംഘിക്കപ്പെടുകയും ചെയ്തു. പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുകയും ചെയ്തിരുന്നു.