ന്യൂഡൽഹി: മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊടും ഭീകര നേതാക്കളുൾപ്പെടെ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശവസംസ്കാര ചടങ്ങുകൾക്ക് പാക് സൈനികരും പങ്കെടുത്തുവെന്ന് തെളിയിക്കുന്ന വീഡിയോകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഭീകരരും പാകിസ്താനും തമ്മിലുള്ള ബന്ധം ലോകത്തിനുമുന്നിൽ മറനീക്കി പുറത്തുവന്നു.
മുരിഡ്കെയിൽ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം, പാകിസ്താൻ പതാകയിൽ പൊതിഞ്ഞ ഭീകരരുടെ ശവപ്പെട്ടികൾ വഹിക്കുന്ന പാകിസ്താൻ സൈനികരുടെ വീഡിയോ പുറത്തുവന്നു. എന്നാൽ ഈ വാർത്ത പാകിസ്താൻ നിഷേധിച്ചിരുന്നു. പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിലും പ്രാർത്ഥനകളിലും പാകിസ്താൻ സൈന്യത്തിലെ ഉന്നതരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തതിന്റെ ദൃശ്യങ്ങളും ഇവരുടെ പേരുവിവരങ്ങളും ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.
ബഹാവൽപൂരിലെ മുരിഡ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരം നടത്തിയതിൽ പാകിസ്ഥാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. ലാഹോറിലെ IV കോർപ്സിന്റെ കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, ലാഹോറിലെ 11-ാമത് ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബീർ, പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥർ.

ഒരു തരത്തിലുള്ള ഭീകരതയെയും പിന്തുണയ്‌ക്കുന്നില്ലെന്ന് പാകിസ്താൻ വളരെക്കാലമായി വാദിച്ചിരുന്നു, എന്നാൽ ഇന്ത്യൻ സായുധ സേന പങ്കിട്ട ചിത്രങ്ങൾ പ്രകാരം നിരവധി പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. മുരിഡ്കെയിലെ ഭീകര ക്യാമ്പിൽ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനായ ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകി. യുഎസ് ട്രഷറി ആഗോള ഭീകരനായി പ്രഖ്യാപിച്ച ആളാണ് അബ്ദുൾ റൗഫ്. സിവിൽ ഉദ്യോഗസ്ഥരും ഹാഫിസ് സയീദ് സ്ഥാപിച്ച നിരോധിത ഭീകരസംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങളും സന്നിഹിതരായിരുന്നു.















