പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ (PCB) ആഞ്ഞടിച്ച് പിഎസ്എല്ലിലെ വിദേശതാരങ്ങൾ. പ്രതിസന്ധിഘട്ടത്തിൽ വിദേശ കളിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പിസിബി പൂർണ പരാജയമായിരുന്നുവെന്നാണ് കളിക്കാരുടെ ആരോപണം. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനുപിന്നാലെ പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ മാറ്റിവച്ചിരുന്നു. മത്സരങ്ങൾ യുഎഇയിൽ നടത്താൻ നീക്കമുണ്ടായിരുന്നെങ്കിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയിരുന്നില്ല.
ബംഗ്ലാദേശ് ഓൾറൗണ്ടർ റിഷാദ് ഹൊസൈനാണ് പിസിബിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പിഎസ്എല്ലിൽ ലാഹോർ ഖലന്ദർസിനായി കളിക്കുന്ന താരം പിസിബിക്ക് സുതാര്യതയില്ലെന്നും ഡ്രോൺ ആക്രമണങ്ങളുടെ വിശദാംശങ്ങൾ മറച്ചുവെക്കാൻ ബോർഡ് ശ്രമിച്ചുവെന്നും വെളിപ്പെടുത്തി. ബാക്കിയുള്ള പിഎസ്എൽ മത്സരങ്ങൾ കറാച്ചിയിൽ നടത്താനാണ് പിസിബി ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ കളിക്കാർ പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയോട് സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് അത് മാറ്റിവെച്ചതായും റിഷാദ് വെളിപ്പെടുത്തി.
“ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിൽ നടത്താൻ പിസിബി ചെയർമാൻ ഞങ്ങളോട് സംസാരിച്ചു . ആ സമയത്ത്, തലേദിവസം രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി അദ്ദേഹം ഞങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ചു, അത് ഞങ്ങൾ പിന്നീട് അറിഞ്ഞു. തുടർന്ന് ഞങ്ങൾ എല്ലാവരും ദുബായിലേക്ക് മാറാൻ തീരുമാനമെടുത്തു,”റിഷാദ് പറഞ്ഞു. ദുബായിയിലെത്തി 20 മിനിറ്റിനുശേഷം ലാഹോറിൽ നിന്നും തങ്ങൾ പറന്നുയർന്ന വിമാനത്താവളത്തിൽ മിസൈലാക്രമണമുണ്ടായെന്ന വർത്തകേട്ട് ഞെട്ടി. പെഷവാർ സാൽമിക്കുവേണ്ടി കളിച്ചുകൊണ്ടിരുന്ന തന്റെ ബംഗ്ലാദേശി സഹതാരം നഹിദ് റാണയെ ഈ സംഭവങ്ങൾ നടുക്കിയെന്നും റിഷാദ് വെളിപ്പെടുത്തി.















