ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ ആർസിബിക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയൻ പേസറുടെ പരിക്ക്. ആർസിബിയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരിലൊരാളായ ജോഷ് ഹേസൽവുഡിന്റെ മടങ്ങിവരവാണ് പ്രതിസന്ധിയിലായിരിക്കുകയാണ്.
തോളെല്ലിനേറ്റ പരിക്കുമൂലം മെയ് 3 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (CSK) നടന്ന ആർസിബിയുടെ ഹോം മത്സരത്തിൽ ഹേസൽവുഡ് കളിച്ചിരുന്നില്ല. ടൂർണമെന്റ് താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതിന് മുമ്പ് മെയ് 9 ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (LSG) നടക്കാനിരുന്ന ആർസിബിയുടെ അടുത്ത മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ടൂർണമെന്റ് പുനരാരംഭിച്ചാലും പരിക്കിൽ നിന്നും മുക്തമാകാത്ത ഹേസൽവുഡ് ശേഷിക്കുന്ന മത്സരങ്ങൾ കാലിമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
നേരത്തെ കാലിനേറ്റ പരിക്കും പുറം വേദനയും കാരണം ബോർഡർ-ഗവാസ്‌കർ ട്രോഫി , ശ്രീലങ്കയിലേക്കുള്ള ടെസ്റ്റ് പര്യടനം, ചാമ്പ്യൻസ് ട്രോഫി എന്നിവയിലെ ചില മത്സരങ്ങൾ ഓസ്‌ട്രേലിയൻ താരത്തിന് നഷ്ടമായിരുന്നു. ഐപിഎല്ലിന്റെ തുടക്കത്തിലും താൻ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലായിരുന്നുവെന്ന് ഹേസൽവുഡ് വെളിപ്പെടുത്തിയിരുന്നു.