ന്യൂഡൽഹി: ഇന്ത്യ ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയപ്പോൾ പാകിസ്താൻ ഭീകരർക്കൊപ്പം ചേർന്ന് പ്രത്യാക്രമണം നടത്തിയെന്ന് എയർ മാർഷൽ കെ ഭാരതി. ഏത് ഭീഷണിയും നേരിടാൻ സായുധസേന സർവ്വസജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനവും നേരിടാൻ തയാറാണ്. പിന്തുണച്ചതിന് സർക്കാരിന് നന്ദി. ഓപ്പറേഷൻ സിന്ദൂർ വിജയകരമെന്നും ഭീകരർക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. സേന മേധാവികളുടെ സംയുക്ത വാർത്തസമ്മേളനത്തിലാണ് പ്രതികരണം.
“പാകിസ്താനിലെ കറാച്ചി വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി. നൂർഖാൻ വിമാനത്താവളവും മിസൈലാക്രമണത്തിൽ തകർത്തു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണ്. പാകിസ്താന്റെ ആക്രമണങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചു. പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിച്ചു. ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ പാകിസ്താൻ സൈന്യം ഇടപ്പെട്ടത് ദുഃഖകരമാണ്”.
‘കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് പിന്തുണ നൽകിയതിനാലാണ് പാകിസ്താനെതിരെയുള്ള പ്രതിരോധം മെച്ചപ്പെടുത്താൻ സാധിച്ചത്. ഇന്ത്യൻ സൈന്യം ഇപ്പോഴും സജ്ജമാണ്. പാകിസ്താന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു. മൾട്ടി ലെയർ വ്യോമപ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രയോഗിച്ചു”.
“പാകിസ്താൻ തുർക്കിഷ് നിർമിത തോക്കുകൾ ഉപയോഗിച്ചു. പാകിസ്താന്റെ ചൈനീസ് നിർമിത പിഎൽ15 മിസൈലുകൾ, ലോഗ്റേഞ്ച് റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ തകർത്തു. ഡ്രോൺ, മിസൈൽ ഷെല്ല് എന്നിവ ഉപയോഗിച്ച് പാക് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി”- സേന വ്യക്തമാക്കി.
പാകിസ്താന്റെ സമുദ്രസേനയെ പിടികൂടുന്നതിനായി നാവികസേനയുടെ കാരിയർ യുദ്ധ സംഘങ്ങൾ, അന്തർവാഹിനികൾ, വ്യോമയാന സംവിധാനങ്ങൾ എന്നിവ കറാച്ചിയിലെ തുറമുഖത്തിന് പുറത്ത് വിന്യസിച്ചിട്ടുണ്ടെന്ന് വൈസ് അഡ്മിറൽ എ എൻ പ്രമോദ് പറഞ്ഞു.















