കോട്ടയം: നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 66-കാരൻ മരിച്ചു. കോട്ടയം കുറവിലങ്ങാടാണ് സംഭവം. ലോട്ടറി വിൽപ്പനക്കാരനായ മൂവാറ്റുപുഴ സ്വദേശി മാത്യുവാണ് മരിച്ചത്. അപകടത്തിൽ താമരക്കാട് സ്വദേശികളായ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാലാ ഇടമറ്റം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇവരെ ഇടിച്ചശേഷം കാർ തലകീഴായി മറിഞ്ഞു. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ മാത്യുവിനെ രക്ഷിക്കാനായില്ല.















