കൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും പാകിസ്താനെ വെള്ളപൂശിക്കൊണ്ട് സമൂഹമാദ്ധ്യമ പോസ്റ്റ്. രാജ്യവിരുദ്ധ പരാമർശം നടത്തുകയും പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവക്കുകയും ചെയ്ത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ബരാജോറ ബസാർ സ്വദേശിയായ ഇമ്രാൻ ഷെയ്ഖ്, ബർദ്വാൻ സ്വദേശിയായ മിലൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്ത്യ- പാക് സംഘർഷങ്ങൾക്കിടെ പാകിസ്താനെ അനുകൂലിച്ചുകൊണ്ടാണ് യുവാക്കൾ പോസ്റ്റ് പ്രചരിപ്പിച്ചത്. പാകിസ്താനെ പിന്തുണച്ച് ചില ചിത്രങ്ങളും യുവാക്കൾ പോസ്റ്റ് ചെയ്തിരുന്നു. ഭാരതത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തുകയും രാജ്യത്തെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്തെന്നാണ് യുവാക്കൾക്കെതിരെയുള്ള പരാതി. ബിജെപി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യയിലെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി എന്ന തരത്തിലായിരുന്നു മറ്റൊരു പോസ്റ്റ്. ഇതിനായി കൃത്രിമമായി സൃഷ്ടിച്ച ചിത്രവും പ്രതി പ്രചരിപ്പിച്ചിരുന്നു. ‘ഇന്ത്യ പാകിസ്താനോട് പരാജയം സമ്മതിച്ചു’ എന്നാണ് പോസ്റ്റിൽ കുറിച്ചിരുന്നത്.
രാജ്യത്തിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ ബിഎൻഎസ്) 196, 197(1)(സി), 152, 352, 353(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.