രോഹിത് ശർമയ്‌ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയെങ്കിലും പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് ടീമിൽ ഉണ്ടാകുമെന്ന് കരുതിയിരുന്ന കോലിയുടെ അപ്രതീക്ഷിത വിരമിക്കലിനുപിന്നിൽ ബിസിസിഐയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം കോലിയും രോഹിത്തിനൊപ്പം മെയ് ഏഴിന് വിരമിക്കൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നതായാണ് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ.
സമൂഹമാധ്യമത്തിലൂടെ അതെ ദിവസം തന്നെ കോലി വിരമിക്കൽ പ്രഖ്യാപിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ബിസിസിഐ ഇടപെട്ട് ഇത് വൈകിപ്പിക്കുകയുമായിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സമയത്ത് ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരുന്നതിനാലും സേനയുടെ ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനാലും പ്രഖ്യാപനം വൈകിപ്പിക്കാൻ ബിസിസിഐ കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. മെയ് 10 ന് ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കോലി വിരമിക്കൽ തീരുമാനം പരസ്യമാക്കുമെന്ന് ബിസിസിഐയോടും സെലക്ടർമാരോടുംപറയുകയും പിന്നാലെ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവയ്‌ക്കുകയും ചെയ്തു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള ആഗ്രഹമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ, ഭാര്യയും നടിയുമായ അനുഷ്ക ശർമ്മ , മകൾ വാമിക, മകൻ അകായ് എന്നിവരോടൊപ്പം സമയം ചെലവഴിക്കാൻ കോലി പലപ്പോഴും ഇംഗ്ലണ്ടിലേക്ക് പറന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 123 ടെസ്റ്റുകളിൽ നിന്ന് 46.85 ശരാശരിയിൽ 9230 റൺസ് നേടിയാണ് വിരാട് കോലി തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്.















