തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ വനിത അഭിഭാഷകയെ ക്രൂരമായി മർദിച്ച് സീനിയർ. യുവതിയുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജൂനിയർ അഭിഷഭാഷകയായ ശ്യാമിലി ജസ്റ്റിനെ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസാണ് ആക്രമിച്ചത്. മോപ് സ്റ്റിക് ഉൾപ്പടെ ഉപയോഗിച്ചാണ് തല്ലിയത്. അതേസമയം സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷൻ അറിയിച്ചു. നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും അസോസിയേഷൻ സെക്രട്ടറി മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളതെന്നും മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. തനിക്ക് നേരത്തെയും ഇയാളിൽ നിന്ന് മർദനമേറ്റിരുന്നതായും അവർ വെളിപ്പെടുത്തി. ശ്യാമിലിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തെങ്കിലും ഇയാളെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. മർദനത്തിന്റെ കാരണവും ഇതുവരെ വ്യക്തമായില്ല.















