കനി കുസൃതിയെ നായികയാക്കി ബിരിയാണി എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവിന്റെ അടുത്ത ചിത്രത്തിൽ നായികയായത് റിമ കല്ലിംഗൽ. ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള ടീസറാണ് പുറത്തെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് റിമയ്‌ക്ക് കേരള ഫിലിം ക്രിട്ടിക്സിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്. 2025-ലെ ഫ്രാൻസിൽ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ പ്രദർശിപ്പിക്കും. റിമയ്‌ക്കൊപ്പം സരസ ബാലുശ്ശേരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡെയ്ൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാല കൃഷ്ണൻ, ബാലാജി ശർമ, ആൻ സലിം, മീന രാജൻ, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.