ന്യൂഡൽഹി: പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന കാര്യം ആഗോള സമൂഹം അംഗീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഭാരതത്തിന്റെ നിലവിലത്തെ അവസ്ഥയെ കുറിച്ച് ലോകരാജ്യങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും സ്വയം പ്രതിരോധിക്കാനും രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിദേശനേതാക്കൾക്ക് മനസിലായിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
“പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർ സാധാരണക്കാരായ വിനോദസഞ്ചാരികളാണെന്നും ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്താനാണെന്നും ഈ ലോകത്തിന് വ്യക്തമായ ധാരണയുണ്ട്. ഐക്യരാഷ്‌ട്ര സുരക്ഷാസമിതി പുറത്തിറക്കിയ പത്രകുറിപ്പിൽ ഇക്കാര്യം വ്യക്തമാണ്. ഭീകരതയ്‌ക്ക് കൂട്ടുനിൽക്കുന്നവരെയും ധനസഹായം നൽകുന്നവരെയും ഭീകരരെ സംരക്ഷിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്. പതിറ്റാണ്ടുകളായി പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. ഭാരതം തകർത്ത ഭീകരകേന്ദ്രങ്ങളിൽ നിന്നാണ് ലോകമെമ്പാടും നടത്തിയ ഭീകരാക്രമണങ്ങളുടെ ഗൂഢാലോചനകൾ നടന്നത്”.
പാകിസ്താൻ മന്ത്രിമാർ നടത്തിയ പ്രസ്താവനകൾ നാം കണ്ടതാണ്. ആണവരാജ്യം എന്ന പാകിസ്താന്റെ ഭീഷണിയിൽ ഭാരതം ഒരിക്കലും ഭയക്കില്ല. ഭീകരവാദം നടത്താനും ഞങ്ങൾ അനുവദിക്കില്ല, ഇതാണ് ഭാരതത്തിന്റെ നിലപാട്. പാകിസ്താന്റെ നിരവധി ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തുകയും സൈനികശക്തി ദുർബലപ്പെടുത്തുകയും ചെയ്തു. ഭാരതത്തിന്റെ കാര്യത്തിൽ തുടക്കം മുതൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ഞങ്ങൾ ലക്ഷ്യമിടുന്നു. പാക് സൈന്യം വെടിയുതിർത്താൽ ശക്തമായ പ്രത്യാക്രമണവും ഉണ്ടായിരിക്കുമെന്നും ജയ്സ്വാൾ പറഞ്ഞു.