ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിക്ക് സമീപത്തും സുരക്ഷാനടപടികൾ ശക്തമാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തിയിൽ നടന്ന ഇന്ത്യ-പാക് സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇസഡ് കാറ്റഗറിയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിൽ നിന്ന് ആറ് കമാൻഡോകൾ, ലോക്കൽ പൊലീസിൽ നിന്ന് 22 ഉദ്യോഗസ്ഥർ എന്നിവർ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ഉണ്ടായിരിക്കും. കൂടാതെ എസ്കോർട്ട് വാഹനങ്ങളും അനുവദിക്കും.
വധഭീഷണിയെ തുടർന്ന് ജയശങ്കറിന് ഇസഡ് പ്ലസ് സുരക്ഷ നേരത്തെ നൽകിയിരുന്നു. 24 മണിക്കൂറും സിആർപിഎഫിന്റെ 33 കമാൻഡോകളെ സുരക്ഷക്കായി വിന്യസിച്ചു. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി Y കാറ്റഗറിയിൽ നിന്നും Z കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു. ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് ലഭിച്ച ഭീഷണിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
ജയശങ്കറിന്റെ വസതിയിൽ 12 സായുധ സ്റ്റാറ്റിക് ഗാർഡുകൾ, ആറ് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാർ (പിഎസ്‌ഒകൾ), 12 സായുധ എസ്കോർട്ട് കമാൻഡോകൾ, മൂന്ന് വാച്ചർമാർ, പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവർമർ എന്നിവരെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്.