തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്ഷേത്രത്തിലെ 24 ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴാം തീയതി മുതൽ പത്താം തീയതി വരെ ക്ഷേത്രത്തിലെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്.
ജീവനക്കാരുടെ മൊബൈൽ ഫോൺ റെക്കോർഡുകളും പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാണാതായ സ്വർണം മണൽപ്പരപ്പിനുള്ളിൽ നിന്നും കണ്ടെത്തിയത്. രാവിലെ മുതൽ ക്ഷേത്ര പരിസരത്തിൽ പരിശോധന നടന്നിരുന്നു. ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
സ്ട്രോഗ് റൂമിലെ സ്വർണം മണൽപ്പരപ്പിൽ വന്നതെങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്. തുടർന്നാണ് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 13 പവൻ സ്വർണം മോഷണം പോയത്. ശ്രീകോവിലിൽ പൂശാനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം തൂക്കിനോക്കുന്നതിനിടെയാണ് മോഷണംപോയ വിവരം വ്യക്തമായത്.