ന്യൂഡൽഹി: ഭാര്യക്ക് പങ്കാളിയുടെ പീഡനം നേരിടേണ്ടി വന്നിട്ടില്ലെങ്കിൽ ഭർത്താവിന്റെ വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണയല്ലെന്ന് കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ഒരു പുരുഷന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആയി കണക്കാക്കാനാകില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.
സ്ത്രീധനപീഡനത്തെ തുടർന്നുണ്ടായ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ വിവാഹേതര ബന്ധമാണെന്ന് ആരോപിക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല ചൂണ്ടിക്കാട്ടി. മകളെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലെടുത്ത കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം. സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത യുവാവിന് കോടതി ജാമ്യം അനുവദിച്ചു.
2024 മാർച്ചിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ ഭർത്താവിന് സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്നും, ചോദ്യം ചെയ്തപ്പോൾ അയാൾ മകളെ ശാരീരികമായി പീഡിപ്പിച്ചുവെന്നും സ്ത്രീയുടെ കുടുംബം ആരോപിച്ചു. പ്രതി ഭാര്യയെ പതിവായി മർദ്ദിക്കാറുണ്ടെന്നും ഇയാൾ വാങ്ങിയ കാറിന്റെ ഇഎംഐ അടയ്‌ക്കാൻ തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായും മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. എന്നാൽ സ്ത്രീ ജീവിച്ചിരുന്നപ്പോൾ അത്തരമൊരു പരാതി നൽകിയിട്ടില്ലെന്നും അതിനാൽ പ്രഥമദൃഷ്ട്യാ സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡന ആരോപണം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.