ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പുണ്ടായത്. 48 മണിക്കൂറിനുള്ളിൽ ഈ മേഖലയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന.
കഴിഞ്ഞദിവസം ഷോപിയാൻ ജില്ലയിലെ കെല്ലർ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചിരുന്നു. ഇതിൽ രണ്ട് പേർ ഷോപ്പിയാൻ സ്വദേശികളായ ഷാഹിദ് കുറ്റായ്, അദ്നാൻ ഷാഫി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. 2023 ൽ ലഷ്‌കറിൽ ചേർന്ന ഷാഹിദ് കുറ്റായ്, കഴിഞ്ഞ വർഷം ഏപ്രിൽ 8 ന് ഡാനിഷ് റിസോർട്ടിൽ നടന്ന വെടിവയ്പ്പിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഷോപ്പിയാനിലെ ഹീർപോറയിൽ ഒരു ബിജെപി സർപഞ്ചിനെ കൊലപ്പെടുത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.