ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രരിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളായ ആളുകളെ ആദരിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കശ്മീരിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവുറ്റ നേതൃത്വത്തിലും മാർഗനിർദേശത്തിലും ഓപ്പറേഷൻ സിന്ദൂറിലൂടെ നിങ്ങൾ ചെയ്ത പ്രവർത്തനങ്ങളിൽ രാജ്യം മുഴുവൻ അഭിമാനിക്കുകയാണ്. പ്രതിരോധ മന്ത്രി ആകുന്നതിന് മുമ്പ് ഞാനൊരു ഇന്ത്യൻ പൗരനാണ്. പ്രതിരോധമന്ത്രി ആയിട്ടല്ല, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നിങ്ങളോട് നന്ദി പറയാനാണ് ഞാൻ ഇവിടെ എത്തിയത്”.
“ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ. കഴിഞ്ഞ 40 വർഷമായി അതിർത്തിക്ക് അപ്പുറമുള്ള ഭീകരതയെ ഇന്ത്യ നേരിടുന്നു. ഭീകരതയ്‌ക്കെതിരെ ഏതറ്റംവരെയും പോകുമെന്ന് ഇന്ത്യ നേരത്തെ ലോകത്തിന് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്”.
അവർ ഇന്ത്യയുടെ നെറ്റിയിൽ മുറിവേൽപ്പിച്ചു. എന്നാൽ ഞങ്ങൾ അവരുടെ നെഞ്ചിലാണ് കനത്ത പ്രഹരമേൽപ്പിച്ചത്. പാകിസ്താനിൽ നിന്നും ഒളിച്ചോടിയ ഭീകരർ ലോകത്ത് എവിടെയും സുരക്ഷിതരല്ല. പാകിസ്താൻ നിരവധി തവണ ഭാരതത്തിനെതിരെ ആണവായുധ ഭീഷണി ഉയർത്തിയിട്ടുണ്ട്. അവർ നിരുത്തരവാദിത്തപരമായാണ് ഇന്ത്യയ്‌ക്ക് നേരെ ആണവായുധ ഭീഷണി ഉന്നയിച്ചത്. എന്നാൽ ഇന്ത്യ അതൊന്നും കാര്യമാക്കാതെയാണ് തിരിച്ചടിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.