ന്യൂഡൽഹി: ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടലില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സിന്ധൂനദിജല കരാര്‍ മരവിപ്പിച്ച ഇന്ത്യൻ നടപടിയിൽ മാറ്റമില്ല. ഭീകരവാദം, പാക് അധിനിവേശ കശ്മിർ എന്നീ രണ്ട് വിഷയങ്ങളിൽ ഊന്നിക്കൊണ്ട് മാത്രമേ ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിച്ചാൽ മാത്രമേ നടപടി പുന: പരിശോധിക്കുന്ന കാര്യം പോലും ആലോചിക്കൂ. ഇന്ത്യയ്‌ക്ക് കൈമാറേണ്ട ഭീകരരുടെ പട്ടിക പാകിസ്താന്റെ പക്കലുണ്ട്. പാക് മണ്ണിലുള്ള ഭീകരകേന്ദ്രങ്ങൾ ഇല്ലാതാക്കാൻ അവർ തയ്യാറാകണം. ഇന്ത്യ മുന്നോട്ട് വെക്കുന്ന ആവശ്യം പാകിസ്താന് വ്യക്തമായി അറിയാം. അത് പൂർത്തീകരിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഇനിയെന്തെങ്കിലും ചർച്ചയുള്ളൂ. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്. ഈ നിലപാടിൽ ഇന്ത്യ ഉറപ്പിച്ച് നിൽക്കുന്നുവെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും മന്ത്രി പറഞ്ഞു. മെയ് 10 ന് രാവിലെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ വ്യാപ്തി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്. വെടിവയ്പ്പ് നിർത്തലാക്കാൻ ആരാണ് ആഗ്രഹിച്ചതെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ജയശങ്കറിന്റെ വാക്കുകൾ.