ദോഹ: ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വര്‍ദ്ധിപ്പിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സിഇഒ ടിം കുക്കുമായി താന്‍ സംസാരിച്ചതായും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
”ടിം കുക്കുമായി എനിക്ക് ഒരു ചെറിയ പ്രശ്നമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ 500 ബില്യണ്‍ ഡോളര്‍ കൊണ്ടുവരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” ട്രംപ് ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ പറഞ്ഞു.
ആപ്പിള്‍ അമേരിക്കയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ചയുടെ ഫലത്തെക്കുറിച്ചോ ഇന്ത്യയിലെ ആപ്പിളിന്റെ പദ്ധതികളിലെ മാറ്റങ്ങളെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവെച്ചില്ല.
റെക്കോഡ് ഉല്‍പ്പാദനം
മാര്‍ച്ചില്‍ അവസാനിച്ച കാലയളവില്‍, ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനം 22 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 60% വര്‍ധനവാണ് ഉല്‍പ്പാദനത്തിലുണ്ടായത്.
കോവിഡ്-19 ല്‍ തിരിച്ചടിയേറ്റ ആപ്പിള്‍ ചൈനയ്‌ക്ക് പുറത്തേക്ക് ഉല്‍പ്പാദനം മാറ്റുന്നതിനുള്ള ശ്രമം നാലു വര്‍ഷം മുന്‍പുതന്നെ ആരംഭിച്ചിരുന്നു. യുഎസ്-ചൈന സംഘര്‍ഷം ഈ തീരുമാനത്തിന് കൂടുതല്‍ കരുത്തേകി. ഇന്ത്യയിലേക്കാണ് ഉല്‍പ്പാദനം ആപ്പിള്‍ ക്രമേണ മാറ്റിയത്. 2024 അവസാനത്തോടെ യുഎസിലേക്ക് എത്തിക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയില്‍ നിന്ന് ലഭ്യമാക്കാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തന്ത്രത്തിന് പാര പണിയാനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമം. ഇപ്പോഴും ആപ്പിളിന്റെ ഐഫോണ്‍ നിര്‍മ്മാണം ചൈനയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ കമ്പനിക്ക് ഉല്‍പ്പാദന സൗകര്യങ്ങളില്ല.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലെ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. വിസ്‌ട്രോണ്‍ കോര്‍പ്പിന്റെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പെഗാട്രോണ്‍ കോര്‍പ്പിന്റെ ഇന്ത്യന്‍ സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗമാണ് മറ്റൊരു പ്രധാന വിതരണക്കാര്‍. ടാറ്റയും ഫോക്സ്‌കോണും ദക്ഷിണേന്ത്യയില്‍ പുതിയ പ്ലാന്റുകള്‍ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണ്.
അവഗണിച്ച് ഇന്ത്യ
ഇന്ത്യയില്‍ ആപ്പിളിന്റെ വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന സാന്നിധ്യത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ച ആശങ്കകളെ അവഗണിക്കാനാണ് ഇന്ത്യയുടെ തീരുമാനം. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി ഇന്ത്യയെ ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത ടെക് ഭീമന്‍ ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.















