വിയന്ന: 2025 ലും 2026 ലും ലോകത്ത് എണ്ണ ആവശ്യകതയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാവുക ഇന്ത്യയിലാകുമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ കാരണം, പ്രതിദിന എണ്ണ ആവശ്യകത 2024 ലെ 5.55 ദശലക്ഷം ബാരലില്‍ (ബിപിഡി) നിന്ന് 3.39% വര്‍ധിച്ച് 2025 ല്‍ 5.74 ദശലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ല്‍ ഇന്ത്യയുടെ പ്രതിദിന എണ്ണ ആവശ്യകത 5.99 ദശലക്ഷം ബാരലില്‍ എത്തുമെന്നും ഒപെക് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നേറുമെന്ന് ഒപെക്
‘ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തമായ ഉല്‍പാദന, സേവന മേഖല പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വികസിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ ചെലവ്, നിക്ഷേപം, പ്രധാന മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ എന്നിവയിലൂടെ നിലവിലെ ശക്തമായ സാമ്പത്തിക വളര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ ഒപെക് പറഞ്ഞു.
യുഎസ് താരിഫുകള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ മന്ദഗതിയിലാക്കിയേക്കാമെങ്കിലും സാമ്പത്തിക ഉത്തേജക നടപടികള്‍ ആ ആഘാതം നികത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഒപെക് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ റോഡുകളുടെ വികസനം ബിറ്റുമെന്‍ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശക്തമായ ഗതാഗത ഇന്ധന ഉപഭോഗവും വര്‍ദ്ധിച്ചുവരുന്ന പെട്രോകെമിക്കല്‍ ആവശ്യകതകളും എണ്ണ ആവശ്യകതയില്‍ തുടര്‍ച്ചയായ വളര്‍ച്ചയെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാന വിതരണക്കാരായി റഷ്യ
നിലവില്‍ ആവശ്യമായ എണ്ണയുടെ 85% ത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി മാര്‍ച്ചില്‍ 5.4 ദശലക്ഷം ബാരല്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ഇത് പ്രതിമാസം 5% ത്തില്‍ കൂടുതല്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. മാര്‍ച്ചില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 36 ശതമാനം റഷ്യയില്‍ നിന്നായിരുന്നു. ഇറാഖ് 17 ശതമാനവുമായി രണ്ടാം സ്ഥാനത്തും സൗദി അറേബ്യ 11 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്.
ചൈന പിന്നോട്ട്
ഇതേ കാലയളവില്‍ ചൈനയുടെ എണ്ണ ആവശ്യകത താഴേക്കു പോകുമെന്നും ഒപെക് കണക്കാക്കുന്നു. 2025 ല്‍ വെറും 1.5% ഉം 2026 ല്‍ 1.25% ഉം മാത്രം എണ്ണ ആവശ്യകതാ വളര്‍ച്ചയാവും ചൈനയിലുണ്ടാവുക. ചൈനയില്‍ യഥാക്രമം 16.9, 17.12 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ വര്‍ഷങ്ങളില്‍ വേണ്ടിവരിക.
യുഎസ് ഒന്നാമത്
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായി അമേരിക്ക തുടരുമെന്ന് ഒപെക് കണക്കാക്കുന്നു. 2025 ല്‍ പ്രതിദിനം 20.5 ദശലക്ഷം ബാരല്‍ എണ്ണയുടെ ആവശ്യമാണ് യുഎസില്‍ പ്രതീക്ഷിക്കുന്നത്. 2025 ല്‍ 0.09% ഉം 2026 ല്‍ 0.6% ഉം നേരിയ വളര്‍ച്ചയാണ് അമേരിക്കയുടെ എണ്ണ ആവശ്യകതയില്‍ പ്രതീക്ഷിക്കുന്നത്. എണ്ണ ആവശ്യകതയില്‍ ചൈന രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തും തുടരും. 2025 ലും 2026 ലും ആഗോള എണ്ണ ആവശ്യകത മൊത്തത്തില്‍ 1.3 ദശലക്ഷം ബാരല്‍ വര്‍ദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.