വയനാട്: വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം എന്ന റിസോര്‍ട്ടിലെ നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്‌മ(24 )യാണ് മരത്തടി കൊണ്ടുനിർമ്മിച്ച ടെന്റ് തകർന്നുവീണ് മരിച്ചത്. പുല്ലുമേഞ്ഞ ടെന്റിനു കീഴിൽ 3 പ്ലാസ്റ്റിക് ടെന്റുകൾ ഉണ്ടാക്കിയാണ് നിഷ്‌മയും മറ്റ് രണ്ട് പെൺകുട്ടികളും താമസിച്ചിരുന്നത്. അർധരാത്രിയുണ്ടായ കനത്ത മഴയിൽ ദുർബലാവസ്ഥയിലായിരുന്ന ടെന്റ് തകരുകയായിരുന്നു. വിനോദസഞ്ചാരികളായ 16 അംഗ സംഘമാണ് അപകടസമയത്ത് റിസോർട്ടിൽ ഉണ്ടായിരുന്നത്.
അതേസമയം റിസോർട്ടിന് പ്രവർത്തിക്കാൻ ഒരു അനുമതിയും നല്കിയിരുന്നില്ലെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ അപകടത്തിന് കാരണം മഴയാണെന്നും ടെന്റിൽ ആവശ്യത്തിന് സുരക്ഷയുണ്ടായിരുന്നുവെന്നുമാണ് റിസോർട്ട് നടത്തിപ്പുകാരുടെ വാദം. ഇരുവരെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.















