കൊച്ചി: ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ഇതോടെ ഈ വർഷം മെസിയും ടീമും ഇന്ത്യയിലേക്കില്ലന്ന് ഏതാണ്ട് ഉറപ്പായി. അതേസമയം ഒക്ടോബറിൽ അർജന്റീന ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഒക്ടോബറിൽ ചൈനയിലും നവംബറിൽ ആഫ്രിക്കയിലും ഖത്തറിലുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ. ആഫിക്കയിൽ നടക്കുന്ന മത്സരത്തിൽ അംഗോളയെയും ഖത്തറിൽ അമേരിക്കയെയും അർജന്റീന നേരിടും. ഇതോടെ ഒക്ടോബറിൽ മെസി കേരളത്തുമെന്ന കായിക മന്ത്രി വി അബ്ദുറഹിമാന്റെ വാക്കുകൾ വിശ്വസിച്ചിരുന്ന അർജന്റീന ആരാധകരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. മെസി വരുമെന്ന പ്രഖ്യാപനം മാത്രമാണ് മന്ത്രി നടത്തിയിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ ഏറെക്കുറെ നിർജീവമായിരുന്നു. ഏറെനാളായി ഇക്കാര്യത്തിൽ മന്ത്രിയോ, സർക്കാരോ പ്രതികരിച്ചിരുന്നില്ല.
2022ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കേരളം സർക്കാർ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിക്കുകയും മെസി വരുമെന്ന വമ്പൻ പ്രഖ്യാപനം നടത്തുകയും ചെയ്തത്. ടീമിനെ കേരളത്തിലെത്തിക്കാനുള്ള ഭീമൻ ചിലവ് സർക്കാരിനുമുന്നിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ഒടുവില്‍ എച്ച് എസ് ബി സി പ്രധാന സ്‌പോണ്‍സര്‍മാരായി എത്തി ഈ പ്രശനം പരിഹരിക്കുകയായിരുന്നു.