ഐപിഎൽ വീണ്ടും പുനരാരംഭിക്കാനിരിക്കെ പ്ലേ ഓഫിന് കച്ചകെട്ടുന്ന ഡൽഹിക്ക് വമ്പൻ തിരിച്ചടി. ശേഷിക്കുന്ന ലീഗ് മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതിൽ സ്റ്റബ്സ് മാത്രമാകും ടീമിനൊപ്പം തുടരുന്നത്. അതും ലീഗ് ഘട്ട മത്സരങ്ങൾക്ക് മാത്രം. പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി താരം നാട്ടിലേക്ക് മടങ്ങും.
ക്രിക് ഇൻഫോ റിപ്പോർട്ട് പ്രകാരം വൈസ് ക്യാപ്റ്റൻ ഡു പ്ലേസിസും സഹതാരമായ ഡൊണോവാൻ ഫെരേരയും ഇന്ത്യയിലേക്ക് എത്തില്ല. ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കും ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സീസണിടെ ഡുപ്ലേസിസിന് പരിക്കേറ്റിരുന്നു. കൂടുതൽ വിശദീകരണത്തിന് ടീമോ താരമോ തയാറായിരുന്നില്ല.
ആറു ഇന്നിംഗ്സിൽ നിന്ന് 168 റൺസാണ് താരം നേടിയത്. രണ്ടു അർദ്ധശതകം ഉൾപ്പടെയാണിത്. ജേക്ക് ഫ്രേസർ മക്ഗുർക്കും മടങ്ങിയെത്തില്ലെന്ന് അറിയിച്ചു. ഇതോടെ ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പകരം ടീമിലെടുത്തെങ്കിലും താരം വരുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതുവരെ പേസർക്ക് എൻഒസി അനുവദിച്ചിട്ടില്ല.