ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മാണം നടത്തരുതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇത് നടക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ആപ്പിള്‍ വൃത്തങ്ങളും പ്രതികരിച്ചു. ട്രംപിന്റെ അഭിപ്രായപ്രകടനം ഇന്ത്യയിലെ ആപ്പിളിന്റെ വിപുലീകരണ പദ്ധതികളെ ബാധിക്കില്ല. കമ്പനി ഇന്ത്യയില്‍ നീണ്ട ഇന്നിംഗ്‌സ് കളിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
”കമ്പനികള്‍ ചെലവ് കുറയ്‌ക്കാനും കൂടുതല്‍ മത്സരക്ഷമത പുലര്‍ത്താനും കഴിയുന്ന സ്ഥലങ്ങളിലേക്ക് പോകുന്നു. ചെലവ്, വരുമാനം, ലാഭക്ഷമത എന്നീ തത്വങ്ങളാല്‍ ബിസിനസ്സ് മുന്നോട്ടു നയിക്കപ്പെടുന്നു … ഇന്ത്യ, മെയ്‌ക്ക് ഇന്‍ ഇന്ത്യയോട് നീതി കാണിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാണ്. സംരക്ഷണവാദം പരിഗണിക്കാതെ, ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അത്തരം കമ്പനികളെ ഇന്ത്യ ആകര്‍ഷിക്കുന്നത് തുടരും, ”ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ട്രംപിന്റെ അഭിപ്രായം കമ്പനിയുടെ നിക്ഷേപ പദ്ധതികളെ ബാധിച്ചിട്ടില്ലെന്നും ഇന്ത്യ ആപ്പിളിന്റെ ഒരു പ്രധാന ഉല്‍പാദന കേന്ദ്രമായിരിക്കുമെന്നും യുഎസ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കി. ജൂണ്‍ പാദത്തില്‍ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് ടിം കുക്ക് വ്യക്തമാക്കിയിട്ടുണ്ട്. താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം ചൈനയില്‍ യുഎസ് ഒഴികെയുള്ള 0വിപണികള്‍ക്കുള്ള ഫോണുകളാവും നിര്‍മ്മിക്കുക.
വിരട്ടലുമായി ട്രംപ്
ആപ്പിള്‍ സിഇഒ ടിം കുക്കുമായി സംസാരിച്ചതായും ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കരുതെന്നും പകരം യുഎസില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്നും താന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞതായും കഴിഞ്ഞ ദിവസം ദോഹയില്‍ വെച്ചാണ് യുഎസ് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തിയത്.
‘ടിം കുക്കുമായി എനിക്ക് ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ടിം, നിങ്ങള്‍ എന്റെ സുഹൃത്താണ്. ഞാന്‍ നിങ്ങളോട് വളരെ നന്നായി പെരുമാറി. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ എന്നാണ് ട്രംപ് പറഞ്ഞത്.
യുഎസിലെ ചെലവ് താങ്ങാനാകില്ല
ആപ്പിളിനെ സംബന്ധിച്ച് യുഎസില്‍ ഉല്‍പ്പാദനം നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ടെക് ഭീമന് താങ്ങാന്‍ കഴിയാത്ത ചെലവേറിയ കാര്യമായിരിക്കും ഇത്. അമേരിക്കയില്‍ ഒരു ഐഫോണ്‍ നിര്‍മിക്കാനുള്ള ശരാശരി ചെലവ് 3,000 ഡോളര്‍ വരെയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിന് ശരാശരി 1,000 ഡോളര്‍ മാത്രമാണ് ചെലവ്.
അമേരിക്കന്‍ ഉപഭോക്താക്കള്‍ ഐഫോണിന് 3,000 ഡോളര്‍ നല്‍കാന്‍ തയ്യാറാണോയെന്ന് സംശയമുണ്ടെന്ന് മഹ്രട്ട ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ (എംസിസിഐഎ) ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് ഗിര്‍ബേന്‍ പറഞ്ഞു. നിലവില്‍, ആപ്പിളിന്റെ നിര്‍മ്മാണത്തിന്റെ 80 ശതമാനവും ചൈനയിലാണ് നടക്കുന്നതെന്നും, അവിടെ ഏകദേശം 5 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റുന്നതിലൂടെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മാണ മേഖലയും തൊഴിലുകളും മാറുകയാണെന്നും യുഎസിന് ഇതില്‍ ദോഷമൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയാണ് ഇതിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. കൂടാതെ വ്യാപാരത്തില്‍ തങ്ങളുമായി സൗഹൃദം പുലര്‍ത്താത്ത ഒരു രാജ്യത്തിന്റെ ആധിപത്യത്തില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്ന നടപടിയാണിതെന്നം ഗിര്‍ബേന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 15% ഉല്‍പ്പാദനം
പങ്കാളിത്തങ്ങളിലൂടെ ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഐഫോണിന്റെ ആഗോള ഉല്‍പ്പാദനത്തിന്റെ 15 ശതമാനവും ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ്.
ചൈനയ്‌ക്ക് പുറത്തേക്ക് ഉല്‍പ്പാദനം വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്റെ പദ്ധതികള്‍ക്ക് സഹായകരമായി തായ്വാന്‍ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുകയാണ്. ടാറ്റ ഇലക്ട്രോണിക്സ് പോലുള്ള മറ്റ് കമ്പനികളും രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ ആക്രമണാത്മകമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കയറ്റുമതിക്കായി തെലങ്കാനയില്‍ ആപ്പിള്‍ എയര്‍പോഡുകളും ഫോക്സ്‌കോണ്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എസ് ആന്‍ഡ് പി ഗ്ലോബലിന്റെ വിശകലനം അനുസരിച്ച്, 2024 ല്‍ യുഎസിലെ ഐഫോണ്‍ വില്‍പ്പന 75.9 ദശലക്ഷം യൂണിറ്റായിരുന്നു. മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയാവട്ടെ 3.1 ദശലക്ഷം യൂണിറ്റുകളും. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 1.5 ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഏപ്രിലില്‍ അറിയിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായി ആപ്പിള്‍ ഇപ്പോള്‍ത്തന്നെ മാറിയിട്ടുണ്ട്. വിവിധ വെണ്ടര്‍മാരിലൂടെ ഏകദേശം 2 ലക്ഷം പേര്‍ക്ക് കമ്പനി തൊഴില്‍ നല്‍കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.















