ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി, രഹസ്യാന്വേഷണ ഏജൻസികളുടെ ബുദ്ധിശക്തി, സായുധസേനയുടെ സാമർത്ഥ്യം എന്നിവയുടെ അടയാളമാണ് ഈ ഓപ്പറേഷനെന്നും 2026 ആകുമ്പോഴേക്കും ഭാരതം ഭീകരവാദത്തിൽ നിന്നും മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ പുതിയ മൾട്ടി-ഏജൻസി സെന്റർ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
“ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ തന്ത്രപരമായ കഴിവ് തെളിയിച്ചു. ദേശീയ സുരക്ഷയും രഹസ്യാന്വേഷണ ഏജൻസികളുടെ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭീകരത, കലാപം തുടങ്ങിയ വെല്ലുവിളികളെ നേരിടാനുള്ള നടപടികളെ കുറിച്ചാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”.
ഛത്തീസ്ഗഢിൽ നടന്ന ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിനെ കുറിച്ചും അമിത് ഷാ സംസാരിച്ചു. ഇന്ത്യയിൽ നിന്ന് ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ദൗത്യത്തിലെ ചരിത്രപരമായ വഴിത്തിരിവാണ് ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ അമിത് ഷാ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.