ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്‌ട്ര സഭ (യുഎന്‍). യുഎസും ചൈനയും അടക്കം ആഗോള സമ്പദ് വ്യവസ്ഥകളില്‍ മുരടിപ്പ് പ്രകടമാകവെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിളങ്ങുന്നത്.
എങ്കിലും ജനുവരിയില്‍ ഐക്യരാഷ്‌ട്രസഭ നടത്തിയ 6.6 ശതമാനം വളര്‍ച്ചാ പ്രവചനത്തില്‍ നിന്ന് നേരിയ കുറവാണ് പുതിയ ജിഡിപി വളര്‍ച്ചാ പ്രവചനത്തിന്. 2026 ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി ഉയരുമെന്നും യുഎന്‍ പ്രതീക്ഷിക്കുന്നു. 2025 ലെ ഐക്യരാഷ്‌ട്രസഭയുടെ ലോക സാമ്പത്തിക സാഹചര്യവും സാധ്യതകളും സംബന്ധിച്ച റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.
”സ്വകാര്യ ഉപഭോഗവും സര്‍ക്കാര്‍ ചെലവുകളും സ്ഥിരതയോടെ പിന്തുണയ്‌ക്കുന്ന, അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ തുടരുന്നു,” യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ക്കും നയ അനിശ്ചിതത്വത്തിനും ഇടയില്‍ ആഗോള സാമ്പത്തിക സാധ്യതകളുടെ ജാഗ്രതയോടെയുള്ള ചിത്രം പ്രതിഫലിപ്പിക്കുന്നതാണ് യുഎന്‍ റിപ്പോര്‍ട്ട്.
‘2025 ലെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി കുറച്ചിട്ടും, ശക്തമായ സ്വകാര്യ ഉപഭോഗവും പൊതു നിക്ഷേപവും കാരണം ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി തുടരുന്നു,’ യുഎന്നിലെ മുതിര്‍ന്ന സാമ്പത്തിക കാര്യ ഉദ്യോഗസ്ഥനായ ഇംഗോ പിറ്റെര്‍ലെ പറഞ്ഞു.
വളര്‍ച്ചക്ക് ബലം
ശക്തമായ ഗാര്‍ഹിക ചെലവിടല്‍, കരുത്തോടെയുള്ള സര്‍ക്കാര്‍ നിക്ഷേപം, സേവനങ്ങളുടെ കയറ്റുമതിയിലെ ആരോഗ്യകരമായ വളര്‍ച്ച എന്നിവ കാരണം സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ച നിലനില്‍ക്കുമെന്ന് യുഎന്‍ പറയുന്നു.
താരിഫുകള്‍
ട്രംപിന്റെ താരിഫുകള്‍ കാരണം ഇന്ത്യയുടെ ചരക്ക് കയറ്റുമതി മേഖല സമ്മര്‍ദ്ദത്തിലായേക്കാം. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജ്ജം, കോപ്പര്‍ തുടങ്ങിയ മേഖലകള്‍ ഈ ആഘാതം കുറയ്‌ക്കാന്‍ സഹായിച്ചേക്കാം.
തൊഴില്‍
രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് സ്ഥിരതയില്‍ തുടരുന്നെന്ന് യുഎന്‍ നീരീക്ഷിക്കുന്നു. എന്നാല്‍ തൊഴില്‍ മേഖലയിലെ ലിംഗ അസമത്വം ഒരു പ്രധാന ആശങ്കയാണ്.
പണപ്പെരുപ്പം
2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പണപ്പെരുപ്പം 4.3% ആയി കുറയുമെന്ന് യുഎന്‍ പ്രവചിക്കുന്നു. ഇത് 2024 ല്‍ 4.9% ആയിരുന്നു പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യ പരിധിക്കുള്ളിലെത്തിയതോടെ ഈ വര്‍ഷം ആദ്യം മുതല്‍ ആര്‍ബിഐ വായ്പാ നിരക്കുകള്‍ കുറയ്‌ക്കാന്‍ തുടങ്ങിയിരുന്നു.
ലോകത്തിന്റെ തളര്‍ച്ച
ആഗോള തലത്തിലെ യുഎന്‍ വളര്‍ച്ചാ വീക്ഷണം അല്‍പ്പം ആശങ്ക പകരുന്നതാണ്. 2025 ല്‍ ലോക ജിഡിപി 2.4% മാത്രമാവും വളരുകയെന്ന് യുഎന്‍ പ്രതീക്ഷിക്കുന്നു. 2024 ല്‍ 2.9% ആയിരുന്നു വളര്‍ച്ച. മുന്‍ പ്രവചനങ്ങളില്‍ നിന്നും വലിയ ഇടിവാണ് ലോകത്തിന്റെ വളര്‍ച്ചാ പ്രവചനങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
ചൈന 4.6 ശതമാനവും യുഎസ് 1.6 ശതമാനവും വളരുമെന്നാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്. ജപ്പാന്‍ 0.7 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ ഒരു ശതമാനവുമാവും വളരുക. ജര്‍മനി -0.1% ന്റെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് പോകുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളും സമാനമായ രീതിയില്‍ വളര്‍ച്ചാ മാന്ദ്യം നേരിടുമെന്ന് യുഎന്‍ പറയുന്നു. സാധനങ്ങളുടെ വില കുറയുന്നതും നിക്ഷേപം ദുര്‍ബലമാകുന്നതും ഈ രാജ്യങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്.
ട്രംപ് താരിഫ് തിരിച്ചടി
വ്യാപാര സംഘര്‍ഷങ്ങളും നയങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമായ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് താരിഫുകളിലെ കുത്തനെയുള്ള വര്‍ദ്ധനവ് ഉല്‍പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും സാമ്പത്തിക അസ്ഥിരത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് യുഎന്‍ നിരീക്ഷിച്ചു.
”താരിഫ് ആഘാതം ദുര്‍ബലമായ വികസ്വര രാജ്യങ്ങളെ സാരമായി ബാധിക്കുകയും വളര്‍ച്ച മന്ദഗതിയിലാക്കുകയും കയറ്റുമതി വരുമാനം കുറയ്‌ക്കുകയും കടത്തിന്റെ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും,” സാമ്പത്തിക, സാമൂഹിക കാര്യങ്ങള്‍ക്കായുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലി ജുന്‍ഹുവ മുന്നറിയിപ്പ് നല്‍കി.