ഛണ്ഡീഗഢ്: ചാരവൃത്തി നടത്തിയ സംഭവത്തിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. പട്യാലയിലെ ഖൽസ കോളേജിലെ വിദ്യാർത്ഥിയായ ദേവേന്ദ്ര സിംദ് ധില്ലൺ (25) ആണ് അറസ്റ്റിലായത്. ഇന്ത്യയുടെ നീക്കങ്ങളെ കുറിച്ചും തന്ത്രപ്രധാനമായ വിവരങ്ങളെ കുറിച്ചും പാകിസ്താന് പങ്കുവച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. ഇന്ത്യ- പാക് സംഘർഷങ്ങൾ ഒഴിഞ്ഞ് അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
പിസ്റ്റളുകളുടെയും തോക്കുകളുടെയും ചിത്രങ്ങൾ വിദ്യാർത്ഥി ഫെയ്സ്ബുക്ക് വഴി പാകിസ്താന് പങ്കുവച്ചിരുന്നു. പട്യാല കോളേജിലെ ഒന്നാം വർഷ പിജി വിദ്യാർത്ഥിയാണ് യുവാവ്. ദേവേന്ദ്ര സിംഗിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. പ്രതിയും പാക് ഉദ്യോഗസ്ഥരും തമ്മിലുള്ള പണമിടപാടിനെ കുറിച്ച് കണ്ടെത്തുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ വർഷം കർതാർപൂർ വഴി പാകിസ്താനിലേക്ക് പോയതായും പാകിസ്താനിലെ രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരോട് ഇന്ത്യയിലെ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി വിദ്യാർത്ഥിക്ക് പാക് ഇന്റലിജൻസ് ഏജൻസി പണം നൽകിയിരുന്നു. പട്യാല സൈനിക കന്റോൺമെന്റിന്റെ ചിത്രങ്ങളും പാകിസ്താനിലെ ഉദ്യോഗസ്ഥർക്ക് അയച്ചുനൽകി. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു.
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താന് വിവരങ്ങൾ കൈമാറിയതിന് വലിയ തുകയാണ് യുവാവ് കൈപ്പറ്റിയത്. സഹോദരന്റെയും പ്രതി ജോലി ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറുടെയും അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്.















